എടക്കര: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൂത്തേടം ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം മൂലം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മൂത്തേടം പഞ്ചായത്തിൽ ചോളംമുണ്ടയിൽ മൂസ പൊറ്റയിൽ എന്ന കർഷകന്റെ
പശുവിനെ കടുവ ആക്രമിച്ച സംഭവം ഉണ്ടായി. ഇതിന് പുറമേ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ആന, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ പിടികൂടാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് മൂത്തേടം പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് വി.പി. അബ്ദുറഹിമാൻ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബൈദ കൊരന്പയിൽ, വി.പി. റഷീദലി, റസിയ മോൾ, അംഗങ്ങളായ സുരേഷ് ബാബു, ടി.സി. ഹരിദാസൻ, ഉമ്മർ മുണ്ടയിൽ, വി.പി. ബഷീർ, ടി.ജി. രാജു, നഹാസ് ബാബു, കെ.എം. അനിൽ എന്നിവർ പ്രസംഗിച്ചു. നോർത്ത്, സൗത്ത് ഡിഎഫ്ഒ മാർക്ക് ഈ വിഷയത്തിൽ നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ജനവാസ മേഖലയായ കല്ലേംതോട് മുതൽ പൂളക്കപ്പാറ വരെയുള്ള വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിമാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.