തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിൽ വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനയുണ്ടായെന്നു മന്ത്രി സി.പി. ജോണ്. ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്നും 12.12 ലക്ഷമായി ഉയർന്നു. വനിതാ പങ്കാളിത്തം മൂന്നിൽ രണ്ടായി.
ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ വിഹിതം 50.9 % ൽ നിന്ന് 66.6 % ആയി ഉയർന്നു. മൊത്തം യാത്രക്കാരിൽ 28.9 % വർധനയുണ്ടായി. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ചേർത്തു പ്രതിദിനം ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്നും 24.53 ലക്ഷമായി വർധിച്ചുവെന്നും സി.പി.ജോണ് പറഞ്ഞു.കെഎസ്ആർടിസിയിൽ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓരോ ഡിപ്പോയിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി സി.പി.ജോണ്. കമ്മിറ്റികളുടെ രൂപീകരണത്തിനുള്ള അനുമതിയും അനുബന്ധ നിയമാവലിയും സർക്കാർ അംഗീകരിച്ചു. കോർപറേഷന്റെ എല്ലാ ട്രാൻസ്പോർട്ട് ഡിപ്പോകൾക്കും ഈ നിയമാവലി ബാധകമായിരിക്കും.