അമ്പലപ്പുഴ: മാന്നാറിൽ സൈക്കിളിൽനിന്നു വീണ് ഇതരസംസ്ഥാന യുവതിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി ലഡു മിയയുടെ ഭാര്യ സൈറ ഹാത്തൂനാണ് (30) മരിച്ചത്. ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭർത്താവ് ലഡു മിയ.
കുടുംബത്തോടൊപ്പം സൈക്കിളിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മടിയിലിരുന്ന കുഞ്ഞ് മറിഞ്ഞ് വീഴാൻ തുടങ്ങിയപ്പോൾ കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ച യുവതി സൈക്കിളിൽനിന്നു തലയടിച്ച് റോഡിൽ വീഴുകയായിരുന്നു. മാവേലിക്കര ആശുപത്രിയിലെത്തിച്ച യുവതിയെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പെൺകുട്ടികളാണ് ഇവർക്കുള്ളത്.
ആറു വർഷത്തോളമായി കുടുംബം കേരളത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് വിമാനമാർഗം കൊണ്ടു പോകാനുള്ള ചെലവ് വഹിക്കുമെന്നു കെ.സി. വേണുഗോപാൽ എംപി അറിയിച്ചു. എംപിയുടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിനിധി യു.എം. കബീറാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. കുടുംബത്തിനുള്ള എല്ലാ സഹായവും നൽകുമെന്ന് മോർച്ചറിയിൽ ലഡു മിയയെ സന്ദർശിച്ച ശേഷം മന്ത്രി സജി ചെറിയാൻ പറഞ്ഞു. എച്ച്. സലാം എംഎൽഎയും ഒപ്പമുണ്ടായിരുന്നു.