Kerala
കാസര്‍ഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന കാരണത്താൽ യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശിനി ജസീല(24)യാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സ്വർണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി.
താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു ജസീല വിഷം കഴിച്ചത്. ഭർത്താവിന്റെ വീടിന്റെ അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവുമാണ് ജസീലയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.
സംഭവത്തിൽ ആദൂർ പോലീസ് ചോദ്യം ചെയ്തെങ്കിലും ജസീലയ്ക്ക് എതിരെ തെളിവുകളില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ജസീലയുടെ മരണത്തിൽ വിദ്യാനഗർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
District News
കണ്ണൂർ: രാസ ലഹരി മയക്കുമരുന്നുമായി എക്സൈസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. പാപ്പിനിശേരി അഞ്ചാംപീടികയിലെ എ.ഷിൽനയെയാണ് (32) പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീർ അലിയും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയിൽ നിന്നും അര ഗ്രാമോളം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെതുടർന്ന് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ നടത്തിയ റെയ്ഡിലാണ് രാസലഹരി സഹിതം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ, പങ്കജാക്ഷൻ, രജിരാഗ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Kerala
കൊളത്തൂർ: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പോലീസ് പിടികൂടിയത്.
നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയവെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. "മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്.
പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്.
ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബസിൽ കയറിയ പിരപ്പൻകോട് സ്വദേശിനി അനന്തലക്ഷ്മിയാണ് (23) കുഴഞ്ഞുവീണത്.
യുവതിയും അമ്മയും തുടർചികിത്സയ്ക്കായി ആയുർവേദ കോളജിലേക്ക് പോകുകയായിരുന്നു. മണ്ണന്തല ഭാഗത്തുവച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
മറ്റു വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം യുവതിയെ ബസിൽത്തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി ഭർത്താവിന്റെ വെളിപ്പെടുത്തൽ. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) ആണ് രണ്ടാം ഭർത്താവായ പഴനി(46) കൊലപ്പെടുത്തിയത്.
പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്തറിയുന്നത്.
രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെ തർക്കം ഉണ്ടായി വള്ളിയമ്മയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പഴനി പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് മൃതദേഹം വനത്തിൽ കുഴിച്ചിട്ട ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പഴനി സമ്മതിച്ചു. വള്ളിയമ്മയെ കൊന്നു കുഴിച്ചിട്ടുവെന്ന് പഴനി പറഞ്ഞ സ്ഥലം ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു.
പഴനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഇന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ഫോറൻസിക് സംഘത്തിന്റേയും നേതൃത്വത്തിൽ പരിശോധന നടത്തും.
Kerala
പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യൻ((25) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹവുമായി ഇവർ ആശുപത്രിയിലെത്തിയതോടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരകുന്നു.
ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർക്കെതിരേ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നേഖയുടെ ഭർത്താവായ ആലത്തൂർ തോണിപ്പാടം കല്ലിങ്ങൽ വീട്ടിൽ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.