കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ വാഹനത്തിനു സാങ്കേതിക തകരാര്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയത്.
നിയമവിരുദ്ധമായ മോഡിഫിക്കേഷനുകളും എംവിഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒന്നാം പ്രതി സുഹൈല്‍ സജീവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കാണിച്ച് രജിസ്ട്രേഡ് കത്തും എംവിഡി അയച്ചിട്ടുണ്ട്. 14 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ ലൈസന്‍സ് റദ്ദാക്കാനുള്പ്പടെയുള്ള നടപടിയിലേക്കു മോട്ടോര്‍ വാഹന വകുപ്പ് കടക്കും. വാഹനത്തിന്റെ വേഗം സംബന്ധിച്ച് കൂടുതല്‍ പരിശോധനയ്ക്കായി വാഹനകമ്പനിയെയും മോട്ടോര്‍ വാഹന വകുപ്പ് സമീപിച്ചിട്ടുണ്ട്.
2026 ഒക്ടോബര്‍ 11ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണകന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണു മരിച്ചത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവര്‍ തൃക്കാക്കരയിലേക്കു മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ മൂന്നു പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ വാഹനത്തിനു പിന്നില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
കാറോടിച്ച ആലപ്പുഴ സ്വദേശി സുഹൈല്‍ സജീവ്, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീന്, ജോയല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരെ നിലവില്‍ ബോസ്റ്റല്‍ സ്കൂളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.