നിലന്പൂർ: നിലന്പൂരിലെ കനോലി തേക്ക് തോട്ടത്തിനോടു ചേർന്നുള്ള ടൂറിസം പദ്ധതിക്ക് 1.65 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുന്നു. നേരത്തേ കേരള വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് നിർമിച്ച കെട്ടിടങ്ങളിൽ മാറ്റം വരുത്തി പുതിയ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെയായിരിക്കും സജ്ജമാക്കുക.
വുഡ് ഇൻഡസ്ട്രീസിന് വേണ്ടി നിർമിച്ച പവർ കണ്ട്രോൾ റൂം നവീകരിച്ച് നാച്വർ ഇന്റർപ്രട്ടേഷൻ റൂം, ലൈബ്രറി എന്നിവ നിർമിക്കും. ഇതിനായി 75 ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. വുഡ് ഇൻഡസ്ട്രീസിന്റെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് 50 ലക്ഷം രൂപ ചെലവിൽ പുതുക്കി നിർമിച്ച് ഹെറിറ്റേജ് ലൈബ്രറി ആൻഡ് റിസേർച്ച് സെന്റർ, വനം മ്യൂസിയം എന്നിവ നിർമിക്കാനാണ് പദ്ധതി. വനംവകുപ്പിന്റെ തന്നെ സ്ഥാപനമായ കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപറേഷനാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക.
40 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കാന്റീൻ ആധുനിക സൗകര്യങ്ങളോടെ നിലനിർത്തും. 1846ൽ മനുഷ്യനിർമിതമായ ലോകത്തിലെ ആദ്യ തേക്കുംതോട്ടം സ്ഥിതി ചെയ്യുന്ന 2.297 ഹെക്ടർ വരുന്ന സംരക്ഷിത വനപ്രദേശമാണ് നിലന്പൂർ നോർത്ത് ഡിവിഷന് കീഴിലെ "കനോലി പ്ലോട്ട്’. മലബാറിന്റെ കളക്ടറായിരുന്ന ഹെന്റി വലന്റൈൻ കനോലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇത് വച്ചുപിടിപ്പിച്ചത്. ഈ പ്ലോട്ടിൽ 115 മരങ്ങളാണ് ഇപ്പോൾ സംരക്ഷിച്ചു വരുന്നത്.
1919 മുതൽ ഈ പ്ലോട്ട് പ്രത്യേക സംരക്ഷിത വനമേഖലയായി വനംവകുപ്പ് സംരക്ഷിച്ചുവരുന്നുണ്ട്.
ടൂറിസം പദ്ധതി നടപ്പാക്കുന്നതിലൂടെ പ്ലോട്ടിനെ ലോകോത്തര നിലവാരത്തിലുള്ള വനം പൈതൃക, പരിസ്ഥിതി വിദ്യാഭ്യാസ, ഗവേഷണ, എക്കോ ടൂറിസം കേന്ദ്രമാക്കും.
പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ആളുകളിൽ അവബോധവും കാടുകളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അറിവും നൽകുന്നതിനായാണ് നാച്വർ ഇന്റർപ്രെട്ടേഷൻ സെന്റർ ഉപയോഗിക്കുക. സസ്യജാലങ്ങൾ, വന്യജീവികൾ, പക്ഷികൾ, പ്രകൃതിദത്ത ഗുഹകൾ എന്നിവയുടെ ചിത്രങ്ങൾ, മാതൃകകൾ, ഇൻഫോഗ്രാഫിക്സ് എന്നിവ സ്ഥാപിക്കുക, വനസംരക്ഷണം, പരിസ്ഥിതി വ്യവസ്ഥ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് സന്ദർശകർക്കായി ചെറിയ വീഡിയോകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുക, ഒരു കാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്പ്് സന്ദർശകർ അറിഞ്ഞിരിക്കേണ്ടതെല്ലാം ഇന്റർപ്രെട്ടേഷൻ കേന്ദ്രങ്ങളിൽനിന്ന് മനസിലാക്കാം.