നിലമ്പൂര്‍: ബാങ്കില്‍ നിന്ന് പണവുമായി ഇറങ്ങിയ യുവാവിന്റെ കൈയില്‍ നിന്നും നാലംഗ സംഘം 10 ലക്ഷത്തോളം രൂപ കവര്‍ന്നു. അമരമ്പലം കിഴക്കേപാലമഠത്തില് കുമ്മാളി വീട്ടില്‍ ഫിറോസിന്റെ (36) കൈയില്‍ നിന്നാണ് പണം തട്ടിയെടുത്തത്. നിലവില്‍ വാണിയമ്പലം അഞ്ചച്ച വിടിയിലാണ് ഇദ്ദേഹം താമസം.
ബാങ്ക് ഓഫ് ബറോഡയുടെ നിലമ്പൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച 9,95,000 രൂപയുമായി പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ബാങ്കിന് മുന്നില്‍ വച്ച് ഫിറോസിനെ ആക്രമിച്ചാണ് നാലംഗ സംഘം പണം കവര്‍ന്നത്. ആക്രമണത്തിന്റെയും പണം പിടിച്ചുപറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ടാലറിയാവുന്ന നാലുപേര്‍ ചേര്‍ന്ന് ഉപദ്രവിച്ച് പണം തട്ടിക്കൊണ്ടുപോയെന്ന് ഫിറോസ് പൊലിസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
പൊലിസ് പണം നഷ്ടമായ യുവാവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ബാങ്കിലെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പ്രതികളുടെ പേരില്‍ നിലമ്പൂര്‍ പൊലിസ് ബിഎന്‍എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.