ചെന്നൈ: ദീപാവലി ദിനത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തത് 10 കൊലപാതകം. സ്പെഷൽ സബ് ഇൻസ്പെക്ടറും (എസ്എസ്ഐ) കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
എസ്എസ്ഐ സെന്തിൽകുമാർ തേനിയിൽവച്ചാണു കൊല്ലപ്പെട്ടത്. റോഡ് മധ്യത്തിൽ യുവാക്കൾ പടക്കം പൊട്ടിക്കുന്നതു ചോദ്യംചെയ്തതാണ് സെന്തിൽകുമാറിനെ കൊലപ്പെടുത്താൻ കാരണം. സെന്തിൽകുമാറിന്റെ കുടുംബത്തിനു മുഖ്യമന്ത്രി സി. ജോസഫ് വിജയ് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കടലൂരിൽ കൊടും കുറ്റവാളി പൃഥ്വിരാജ് കുത്തേറ്റു മരിച്ചു. അരുളരശൻ എന്നയാൾ ബിയർകുപ്പികൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അരുളരശനെ കാലിനു വെടിവച്ച് പൊലിസ് പിടികൂടി.
തിരുച്ചിറപ്പള്ളി ജില്ലയിൽ പതിനേഴുകാരായ രണ്ടു തൊഴിലാളികളും ചെന്നൈയിൽ ഒരാളും കൊല്ലപ്പെട്ടു. ചെന്നൈ വ്യാസർപാഡിയിൽ ഓട്ടോ റിക്ഷ ഡ്രൈവർ ധനുഷ് കൊല്ലപ്പെട്ടു. ആറംഗ സംഘമാണ് ധനുഷിനെ മർദിച്ചുകൊന്നത്.
തിരുച്ചിറപ്പള്ളിയിൽ ഇരുപതുകാരനായ ഐടി ജീവനക്കാരനും പെരന്പലൂരിൽ രവി (50) എന്നയാളും കൊല്ലപ്പെട്ടു. അറുപ്പുകോട്ടയിൽ ഇരുപത്തിയഞ്ചുകാരനാണു സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിൽ ക്രമസമാധാന നില താറുമാറായെന്നു പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
എസ്എസ്ഐയുടെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ
തേനി: പൊതുനിരത്തിൽ പടക്കംപൊട്ടിച്ച് ഗതാഗതത്തിനും ജനങ്ങൾക്കും തടസമുണ്ടാക്കിയ യുവാക്കളെ ചോദ്യംചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ പരിക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ ചികിത്സയ്ക്കിടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ തേനി ജില്ലാ പൊലിസ് മേധാവി നേരിട്ടെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി അഞ്ച് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു. കുടുംബത്തെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അറിയിച്ചു.