മലപ്പുറം: പുതുയുഗ കേരളത്തിനായുള്ള സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ മലപ്പുറം ആസൂത്രണ ഭവൻ കോണ്‍ഫറൻസ് ഹാളിൽ അവലോകനം ചെയ്തു. നൂറുദിന കർമ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്.
50 വകുപ്പുകളിലായി 602 പദ്ധതികളാണ് നടപ്പാക്കുന്നത്. തൊഴിൽ, വരുമാനം എന്നിവ ഉറപ്പുവരുത്തുന്നതിനായി 479 ഉപജീവനമാർഗ പദ്ധതികളും പശ്ചാത്തല വികസനത്തിനായി 123 പദ്ധതികളുമാണ് നടപ്പാക്കുന്നത്. കൃഷി അനുബന്ധ മേഖലയിൽ 95 പദ്ധതികളും 187 ഘടകങ്ങളും സഹകരണ മേഖലയിൽ എട്ട് പദ്ധതികളും 16 ഘടകങ്ങളും ജലവിഭവ ജലസേചന മേഖലയിൽ 23 പദ്ധതികളും 44 ഘടകങ്ങളും ഊർജ മേഖലയിൽ ഏഴ് പദ്ധതികളും 15 ഘടകങ്ങളും വ്യവസായ സംരംഭക മേഖലയിൽ 65 പദ്ധതികളും 167 ഘടകങ്ങളും ഗതാഗതം-പൊതു മേഖലയിലായി 82 പദ്ധതികളും 172 ഘടകങ്ങളും ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലകളിലായി 12 പദ്ധതികളും പുരോഗമിക്കുന്നു.
സാമൂഹിക സേവന മേഖലയിൽ 185, സാന്പത്തിക സേവന മേഖലയിൽ 46, പൊതുസേവന മേഖലയിൽ 59, തദ്ദേശ സ്വയംഭരണ മേഖലയിൽ 20 പദ്ധതികളുമാണ് നൂറു ദിവസം കൊണ്ട് പൂർത്തിയാകുന്നത്. ജില്ലയിലെ അന്‍പതിലധികം വകുപ്പുകളുടെ പുരോഗതി വിലയിരുത്തി. നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 4600 ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനാണ് ലക്ഷ്യമിട്ടന്നത്. ഇതിൽ 3700 അപേക്ഷകൾ ഇതിനകം തീർപ്പാക്കി. 2057 പട്ടയങ്ങൾ നൽകാനുള്ളതിൽ 1057 പട്ടയങ്ങൾ നൽകി. ബാക്കിയുള്ളവയിൽ ഹിയറിംഗ് നടക്കുന്നു. ഡിജിറ്റൽ സർവേ സംബന്ധിച്ച 4700 പരാതികളിൽ 300 എണ്ണം തീർപ്പാക്കി. ഭൂമിയുടെ ന്യായവില സംബന്ധിച്ച് 250 പരാതികളിൽ 59 എണ്ണവും തീർപ്പാക്കി. 100 ദിനത്തിന്റെ ഭാഗമായി നാല് വില്ലേജുകൾ സ്മാർട്ട് വില്ലേജ് ആക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഏഴ് സ്മാർട്ട് വില്ലേജുകളുടെ നിർമാണം പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. ആറ് സ്മാർട്ട് വില്ലേജുകളുടെ ഉദ്ഘാടനം നടത്തും.
സ്കൂളുകളിലേക്ക് കംപ്യൂട്ടർ വാങ്ങുന്നതിനും വാഹനങ്ങൾ വാങ്ങുന്നതിനും എംഎൽഎമാർ അനുവദിക്കുന്ന ഫണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് ആവശ്യങ്ങൾ നിറവേറ്റണമെന്ന് മന്ത്രി, വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. വനത്തിനകത്ത് സ്വകാര്യഭൂമിയിൽ താമസിക്കുന്നവരുടെ പുനരധിവാസത്തിനായി നടപ്പാക്കിയ പദ്ധതിയിൽ സാന്പത്തിക സാഹായത്തിന്റെ രണ്ട്, മൂന്ന് ഗഡുക്കൾ ഉടൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
എടവണ്ണ ഹാച്ചറിയുടെ നിർമാണത്തിനുള്ള സാങ്കേതിക തടസങ്ങൾ നീക്കി പദ്ധതി യാഥാർഥ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി. ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കാലാനുസൃതവും നൂതനവുമായ പദ്ധതികൾ സമർപ്പിച്ച് ഭരണ സാങ്കേതിക അനുമതികൾ നേടി നടപ്പാക്കണം. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ഫയലിൽ കുറിക്കുന്നത് അതുപോലെ വിശ്വസിക്കുന്നതിന് പകരം ഫീൽഡിൽ സന്ദർശനം നടത്തി യാഥാർഥ്യം മനസിലാക്കി വേണം തുടർ നടപടി സ്വീകരിക്കാനെന്ന് മന്ത്രി പറഞ്ഞു.
100 ദിന കർമ പദ്ധതിയുടെ ഭാഗമായി റവന്യു വകുപ്പിന് നിശ്ചയിച്ച പദ്ധതികളിൽ 70 ശതമാനവും പൂർത്തിയാക്കിയതിന് റവന്യു വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. 26 മുതൽ 30 വരെ ജില്ലാ ആസ്ഥാനത്ത് വിപുലമായ ഓണാഘോഷ പരിപാടികൾ നടത്താനും മന്ത്രി നിർദേശം നൽകി. കളക്ടർ ഡോ. വിനയ് ഗോയൽ, എഡിഎം പി.ഒ. സാദിഖ്, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.