കുളത്തൂർ: ഇന്ത്യൻ സാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാവാത്ത ഒരു അധ്യായമാണ് വാഗൺ ട്രാജഡി ദുരന്തം. ഈ നടുക്കുന്ന ഓർമകൾ പുതുതലമുറക്ക് കൈമാറുന്നതിനായി വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിക്കുന്ന 105-ാം ദിനാചരണം 20 ന് കുരുവമ്പലത്ത് കേരള വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യും
മലബാര്‍ കലാപത്തിലെ ഭീതിതമായ വാഗൺ ദുരന്തത്തിന് വേദിയായത് തിരൂരായിരുന്നുവെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച ഈ കൊടും ക്രൂരതയില്‍ ജീവന് ബലി നല്കിയവരിൽ പകുതിയിലധികവും മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം എന്ന കൊച്ചുഗ്രാമത്തിലുള്ളവരായിരുന്നു. 41 പേരാണ് ഈ മഹാ ദുരന്തത്തിൽ ഈ ഗ്രാമത്തിൽ നിന്ന് രക്തസാക്ഷികളായത്.
ദിനാചരണത്തിൽ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തും. ഡോ: പി.ജെ സിൻസെന്റ് (പ്രിൻസിപ്പാൾ ഗവ. കോളേജ് മൂന്നാർ) ഉസ്മാൻ താമരത്ത് പെരിന്തൽമണ്ണ എന്നിവർ പ്രഭാഷണം നിർവഹിക്കും
സ്മാരക സമിതി ചെയർമാൻ സലീം കുരുവമ്പലം അധ്യക്ഷനാവും. ഭാരവാഹികളായ സലാം മാസ്റ്റർ പൂമംഗലം, ഡോ. ഹുസൈൻ വി, ഡോ. അലി നൗഫൽ എന്നിവർ ആശംസകൾ അറിയിക്കും.
ബ്രിട്ടീഷുകാര്‍ക്കും ബ്രിട്ടീഷ് ഭരണത്തിനുമെതിരേ നിലകൊണ്ടതിന് പക തീര്‍ക്കാന്‍ വെള്ളക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്നത് മലബാര്‍ മാപ്പിളമാരെയായിരുന്നു. അവരെ പിടികൂടി അന്തമാന്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തൽ പതിവാക്കിയിരുന്നു. ഇപ്രകാരം നാടുകടത്താന്‍ അസൂത്രിതമായി നടത്തിയ ഹീനതന്ത്രമാണ് വാഗണ്‍ ട്രാജഡി എന്ന മഹാദുരന്തത്തിൽ കലാശിച്ചത്.
1921 നവംബര്‍ 19ന് തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എം.എസ്. റെയില്‍വെയുടെ 77-ാം നമ്പര്‍ ട്രൈനിലെ 1711-ാം നമ്പര്‍ ചരക്ക് വാഗണിലാണ് നൂറോളം മാപ്പിളമാരെ കുത്തിനിറച്ച് യാത്ര ആരംഭിച്ചത്. അൻപത് പേർക്കു പോലും നിൽക്കാൽ സൗകര്യമില്ലാത്ത ഈ വാഗണിൽ കുത്തിനിറക്കപ്പെട്ട മാപ്പിള സ്വാതന്ത്ര്യ സമര പോരാളികൾ യാത്ര തുടങ്ങി ഏതാനും മിനുറ്റിനുള്ളിൽ തന്നെ ശ്വാസം ലഭിക്കാത്തെ ആർത്തട്ടഹസിച്ച് കരയാൻ തുടങ്ങിയിരുന്നു. പിശാചുക്കളെപ്പോലും നാണിപ്പിക്കുന്ന ബ്രിട്ടീഷ് സേന ഈ അട്ടഹാസം കേട്ടഭാവം പോലും നടിക്കാതെ യാത്ര തുടരുകയും വാഗണിലെ എഴുപതോളം പേർ ശ്വാസം മുടി മരിക്കുകയും ചെയ്തു. ഈ മരിച്ച 70 പേരില്‍ 41 പേരും കുരുവമ്പലം എന്ന കൊച്ചു ഗ്രാമത്തിലുള്ളവരാണ്. ഇവരില്‍ 35 പേര് കുരുവമ്പലത്തുകാരും ആറ് ആളുകള്‍ വളപുരം, ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്.
പള്ളി ദര്‍സ് വിദ്യാര്‍ഥികളായിരുന്നു ഇവരിൽ അധികപേരും. നാട്ടിലെ മത പണ്ഡിതതും പൊതു സ്വീകാര്യനുമായ വളപുരം സ്വദേശി കല്ലെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് പുലാമന്തോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരുമിച്ചുകൂടിയ ജനങ്ങള്‍ പെരിന്തല്‍മണ്ണയിലേക്ക് പ്രതിഷേധവുമായെത്തി പ്രതിഷേധിക്കുകയും മുസ്ലിയാരെ വിട്ടയക്കാതെ പിരിഞ്ഞ് പോവുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കുഞ്ഞിണ്ണീന്‍ മുസ്ലിയാരെ പട്ടാളം വിട്ടയക്കുകയും പ്രതിഷേധക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ട് പോവുകയുമായിരുന്നു.
ഇവരെയാണ് പിന്നീട് തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോവാനായി ഗുഡ്സ് വാഗണില്‍ തിക്കിത്തിരുകി കയറ്റിയിരുന്നത്. 70 പേര് ശ്വാസം മുട്ടി മരിച്ച ഈ സംഭവത്തിൽനിന്ന് കുരുവമ്പലത്തെ രണ്ടു പേര് വാഗണിന്റെ ആണിപ്പഴുതിലൂടെ ശ്വാസമെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഴയിൽ കുഞ്ഞയമവും കാളിയറോഡ് കോയക്കുട്ടി തങ്ങളും.
2005ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രദേശവാസിയായ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലത്തിന്റെ ശ്രമഫലമായി കുരുവമ്പലത്ത് ഒരു സ്മാരക മന്ദിരം നിർമ്മിക്കുന്നത് വരെ വാഗണ്‍ രക്തസാക്ഷികളുടെ രണ്ടാം തലമുറക്ക് തങ്ങളുടെ പൂർവ്വികരുടെ ഈ ത്യാഗത്തിന്റെ ഓർമ്മകൾ വിസ്മൃതിയിലായിരുന്നു. ദുരന്തത്തിന്റെ ഓര്‍മയ്ക്കായി അവരുടെ ജന്മനാട്ടിൽ ആകെയുള്ളത് ഈ സ്മാരകം മാത്രമാണ്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ ക്രൂരതയുടെ ഓർമകൾ വരും തലമുറയ്ക്ക് കൈമാറുന്നതിന് വേണ്ടി ഓരോ വർഷവും കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്ഥ രീതിയിൽ വാർഷിക ദിനാചരണം നടത്തി വരുന്നുണ്ട്.