കാഠ്മണ്ഡു: ഇന്ത്യയിൽനിന്ന് 1,100 മെഗാ വാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാനൊരുങ്ങി നേപ്പാൾ. ഡിസംബർ മുതൽ 2027 മേയ് വരെയുള്ള വേനൽക്കാലത്താണ് ഇറക്കുമതി നടത്തുക. ഈയിടെയുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികൾക്കു കനത്ത നാശം നേരിട്ടതിനാൽ വൈദ്യുതോത്പാദനം വൻതോതിൽ ഇടിഞ്ഞു.
ഓഗസ്റ്റ് 26നു ഭോട്ടെകോശി നദിയിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് നേപ്പാളിന്റെ വൈദ്യുതോത്പാദനത്തിൽ 450 മെഗാ വാട്ടിന്റെ കുറവുണ്ടായി. സെപ്റ്റംബർ 24 മുതൽ 27വരെ പെയ്ത കനത്ത മഴയിൽ 190 മെഗാ വാട്ടിന്റെ കാളിഗണ്ഡകി ജലവൈദ്യുത പദ്ധതിയിലും വ്യാപക നാശനഷ്ടമുണ്ടായി. ഇതോടെ ആകെ വൈദ്യുതോത്പാദനത്തിൽ 640 മെഗാ വാട്ടിന്റെ കുറവുണ്ടായി.
നിലവിൽ 3740 മെഗാ വാട്ടാണു നേപ്പാളിന്റെ വൈദ്യുതോത്പാദനം. വേനൽക്കാലത്ത് വൈദ്യുത ഉപയോഗം ഉയരുന്നതിനാലാണ് ഇന്ത്യയിൽനിന്ന് ഇറക്കുമതിക്ക് തീരുമാനിച്ചത്.