ടെഹ്റാൻ: ഇറാന്റെ ആയുധ നീക്കം തടയാൻ ടാസ്ക് ഫോഴ്സിനെ നിയോഗിച്ച് അമേരിക്ക. കര വഴിയും കടൽ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. പല തരത്തിലുള്ള ഉപരോധങ്ങൾക്ക് പിന്നാലെ ഇറാനെ വരിഞ്ഞു മുറുക്കാൻ അയേണ്‍ ഗേറ്റ് എന്ന പേരിലാണ് ടാസ്ക് ഫോഴ്സിനെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെൻട്രൽ കമാൻഡ് നടത്തി. ആണവ പദ്ധതികൾ, സ്ഥലം, പിന്നിലുള്ള വ്യക്തികൾ തുടങ്ങിയ വിവരം നൽകുന്നവർക്ക് വൻ പാരിതോഷികമാണ് അമേരിക്ക പ്രഖ്യാപിച്ചത്. വിഷയത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിലേക്ക് കാസ്പിയൻ കടൽ വഴിയും മറ്റും എത്തുന്ന സാമഗ്രികൾ ആയുധ നിർമാണത്തിന് ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഇറാനെതിരായ സാമ്പത്തിക, നാവിക ഉപരോധങ്ങൾക്ക് പുറമെയാണ് പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപനം.