കോട്ടയം: 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നിന്ന് ബിജെപിക്ക് എംഎൽഎമാർ ഉണ്ടാവുമെന്ന് മുതിർന്ന നേതാവ് പി.സി. ജോർജ്. ജില്ലയിലെ പ്രവർത്തകർ അതിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും അടുത്ത തവണ ലക്ഷ്യം പ്രാവർത്തികമാകുമെന്നും പി.സി. ജോർജ് അവകാശപ്പെട്ടു.
ബിജെപിക്കാർ ജനസേവകരായെന്നും അതുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ വീണ്ടും ജയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ, കോൺഗ്രസുകാർ യജമാനൻമാരെ പോലെയാണ് പെരുമാറുന്നതെന്നും അതുകൊണ്ട് തന്നെയാണ് അവരെ രാജ്യത്തെ ജനങ്ങൾ തള്ളക്കളയുന്നതെന്നും ജോർജ് പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസിനെ തകർച്ചയിലേയ്ക്ക് നയിക്കുകയാണെന്നും അടുത്ത തവണ കൂടി രാഹുൽ പ്രതിപക്ഷ നേതാവുകയാണെങ്കിൽ കോൺഗ്രസ് തകർന്ന് തരിപ്പണമാകുമെന്നും ജോർജ് പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണെന്നും, ഇയിയൊരിക്കലും ഭാരതീയരെ അടിമകളാക്കാൻ ആർക്കും പറ്റില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു.
പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ ആളുകളില്ലെന്നും ജോർജ് പരിഹസിച്ചു. ഇതൊക്കെയാണെങ്കിലും ബിജെപിക്കാർ അഹങ്കരിക്കാൻ പാടില്ലെന്നും എന്നും ജനവേകരായി തുടരണെമന്നും ജോർജ് ഓർമ്മിപ്പിച്ചു.
കോട്ടയത്ത് നടന്ന ബിജെപിയുടെ ജനാധിപത്യ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോർജ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ, , കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദയാത്ര.