ന്യൂഡൽഹി: ആറു മാസത്തിനിടെ 11 കേസുകളിലായി 23 പേർക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള കുടുംബകോടതിയിലേക്കു സ്ഥലം മാറ്റി. യുപിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായിരുന്ന രവികുമാർ ദിവാകറിനെയാണ് അലഹബാദ് ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ സ്ഥലം മാറ്റിയത്.
ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ജഡ്ജി രവികുമാർ ദിവാകർ ഇത്രയധികം വധശിക്ഷകൾ വിധിച്ചത്. ജുഡീഷ്യൽ സ്വാതന്ത്ര്യത്തെക്കുറിച്ചും ജില്ലാ ജഡ്ജിമാരുടെ ഭരണപരമായ അധികാരപരിധികളെക്കുറിച്ചും ഇദ്ദേഹം മുന്പ് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കൊലപാതകം ഉൾപ്പടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തന്റെ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന 97 കേസുകൾ മുൻ ജില്ലാ ജഡ്ജി മാറ്റിയതിനെതിരേ രവികുമാർ ദിവാകർ മുന്പ് ചോദ്യങ്ങൾ ഉന്നയിച്ചതും വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ കുടുംബകോടതിയിലേക്കുള്ള സ്ഥലംമാറ്റം.