മുംബൈ: മുംബൈയില്‍ മുഹറം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു വിഷം ചേര്‍ത്ത ഗുളികകള്‍ നല്‍കിയതിനു പിടിയിലായ പ്രതി ലക്ഷ്യമിട്ടത് കുറഞ്ഞത് പതിനയ്യായിരം പേരുടെ ജീവനുകൾ.
വെള്ളിയാഴ്ചയാണ് മുഹറം ഘോഷയാത്രയില്‍ ഫയാസ് പ്രേംജി എന്ന 39 കാരന് വിഷം കലര്‍ത്തിയ ഗുളിക വിതരണം ചെയ്തത്. ഇവ കഴിച്ച പന്ത്രണ്ടുപേര്‍ക്കു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതോടെ ബൈക്കുളയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അസുഖബാധിതരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പൂന വിമാന്‍നഗര്‍ സ്വദേശിയാണ് ഫയാസ് പ്രേംജി. നഗരത്തിലെ ഒരു പെയിന്റ് കടയുടെ ഉടമയും. എലിവിഷം നിര്‍മിക്കുന്നതിനുള്ള സിങ്ക് ഫോസ്ഫൈഡ് ചേര്‍ത്ത ഗുളികകളാണ് ഇയാള്‍ വിതരണം ചെയ്തത്. നേരത്തേ 50 കിലോ സിങ്ക്ഫോസ്ഫൈഡും 30,000 കാലി കാപ്സൂളുകളും ഇയാള്‍ ഓണ്‍ലൈനില്‍ വാങ്ങിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ ദോംഗ്രിയിലെ ഇയാളുടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 15,000 ഓളം വിഷഗുളികകളും പോലീസ് പിടിച്ചെടുത്തു.
വേദനസംഹാരി, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഗുളിക എന്ന നിലയില്‍ വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ഒറ്റയ്ക്കു വിതരണം ചെയ്യുക അസാധ്യമാണെന്ന് കണ്ടെത്തിയതോടെ സന്നദ്ധസംഘങ്ങളുടെയും വ്യക്തികളുടെയും സഹായവും പ്രതി തേടിയിരുന്നു.
എന്തിനുവേണ്ടിയാണ് കുറ്റകൃത്യം എന്നു കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ഫയാസിന്റെ അമ്മയും സഹോദരിയും ഇറാക്കിലും ഇറാനിലുമാണ് കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതി 19 തവണയാണ് ഈ രണ്ടുരാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയത്. സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിഷയങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.