സീയൂൾ: ഉത്തരകൊറിയയിലേക്കു മിലിട്ടറി ഡ്രോണുകൾ അയച്ച സംഭവത്തിൽ ദക്ഷിണകൊറിയയിലെ മുൻ പ്രസിഡന്റ് യൂൺ സുക് യോളിന് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
അതേ വർഷം ഡിസംബറിൽ ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കുന്നതിനു കാരണം കണ്ടെത്തുന്നതിന് ഉത്തരകൊറിയയെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു യൂണിന്റെ നീക്കമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമം റദ്ദാക്കുകയും യൂണിനെ ഇംപീച്ച് ചെയ്യുകയുമുണ്ടായി. യൂൺ നിലവിൽ പട്ടാളനിയമ പ്രഖ്യാനവുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം അടക്കമുള്ള ശിക്ഷകൾ അനുഭവിച്ചുവരികയാണ്.
യൂണിനു പുറമേ, മുൻ പ്രതിരോധമന്ത്രി കിം യോംഗ് ഹ്യുൻ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കും കോടതി ഇന്നലെ ശിക്ഷ വിധിച്ചു. യൂണിന്റെയും കൂട്ടാളികളുടെയും നടപടി ഉത്തരകൊറിയയുമായി ഏറ്റുമുട്ടലിന് സാധ്യത വർധിപ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.