മൂന്നിലവ്: ഭീമൻ വാഴക്കുലയുമായി റിട്ടയേർഡ് കസ്റ്റംസ് ഉദ്യോഗസ്ഥൻ. ഇരുമാപ്ര പൊട്ടമുണ്ടയ്ക്കൽ പി.എ. ഐസക്കാണ് സ്വന്തം പുരയിടത്തിലെ കൃഷിയിൽ വിസ്മയം സൃഷ്ടിച്ചത്. ഏകദേശം അഞ്ചരയടി പൊക്കം വരുന്ന 45 കിലോ ഭാരമുള്ള റോബസ്റ്റ വാഴക്കുലയാണ് ഐസക്കിന്റെ കൃഷിയിടത്തിൽനിന്ന് വിളവെടുത്തത്.
33 വർഷം കസ്റ്റംസ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായിരുന്നു ഐസക്. അക്കാലത്തും കൃഷിയോടുള്ള ഇഷ്ടത്തിന് ഐസക് കുറവുവരുത്തിയിരുന്നില്ല. ജോലിയിൽനിന്ന് വിരമിച്ചശേഷം കൂടുതൽ സമയവും കൃഷിയിടത്തിലാണ്. മൂന്നിലവ് പഞ്ചായത്തിലെ ഇരുമാപ്രയിലുള്ള സ്ഥലത്താണ് കൃഷിയധികവും.
കൃഷിക്കാവശ്യമായ വിത്തുകളും മറ്റും മൂന്നിലവ് കൃഷിഭവനിൽനിന്നു ലഭിക്കും. എന്തു സഹായങ്ങൾക്കും സന്നദ്ധനായി കൃഷി ഓഫീസറുണ്ടെന്നും ഐസക് പറയുന്നു. ഭാര്യ റേയ്ച്ചലും കൃഷിയിടത്തിൽ സഹായമായി ഐസക്കിനൊപ്പമുണ്ട്. റിട്ടയർമെന്റിനുശേഷം പൂർണമായും കർഷകനായതിനു പിന്നിൽ മാനസികമായും ശാരീരികമായും ലൈഫ് എൻജോയ് ചെയ്യാം എന്ന ലക്ഷ്യമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.