ദുബായി: പതിനാറാം വയസിൽ യുഎഇയിലെത്തിയ മലയാളി കൃത്യം അരനൂറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങി. 1976 നവംബർ 10-ന് ദുബായിലെത്തിയ സി.കെ. അബിദ് 50 വർഷത്തിനുശേഷം 2026 നവംബർ 10-നാണ് പ്രവാസജീവിതത്തോട് വിടപറഞ്ഞത്.
അമ്മാവൻ അയച്ച വിസയുമായാണ് അബിദ് യുഎഇയിലേക്ക് യാത്ര തിരിച്ചത്. രണ്ടോ മൂന്നോ വർഷം ഗൾഫിൽ ജോലി ചെയ്ത് പണമുണ്ടാക്കി നാട്ടിലേക്ക് മടങ്ങുക എന്നതായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാൽ പ്രവാസജീവിതം അരനൂറ്റാണ്ടോളം നീണ്ടു.
താൻ എത്തുന്ന വിവരം അറിയിച്ച് അമ്മാവന് ടെലഗ്രാം അയച്ചിരുന്നെങ്കിലും സന്ദേശം കൃത്യസമയത്ത് ലഭിച്ചില്ല. ദുബായി വിമാനത്താവളത്തിൽ അമ്മാവനെ കാണാതായതോടെ താൻ ഏറെ പരിഭ്രമിച്ചതും എല്ലാം സി.കെ. അബിദ് ഇന്നും ഓർക്കുന്നു.
യുഎഇയിലെത്തിയതിന്റെ പിറ്റേന്ന് തന്നെ അബിദ് ഷാർജയിലെ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ആരംഭിച്ചു. 700 ദിർഹമായിരുന്നു ആദ്യ ശമ്പളം. തുടർന്ന് അധ്വാനത്തിന്റെ നാളുകളായിരുന്നു.
പതിയെപ്പതിയെ അബിദ് ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. നാട്ടിലെ വീടിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തിയതും കുടുംബത്തിന് സാമ്പത്തികമായി തുണയായതും അബിദിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്.
22-ാം വയസിൽ സഹീറയെ വിവാഹം കഴിച്ചു. ആദ്യ മകൾ ജനിച്ച വിവരം അറിഞ്ഞത് യാത്രയ്ക്കിടെയായിരുന്നു. അന്ന് താനുണ്ടായിരുന്ന ബുറൈദ നഗരത്തിന്റെ പേരാണ് മകൾക്ക് നൽകിയതെന്നും അബിദ് ഓർമിച്ചു.
1986-ൽ ഭാര്യയും യുഎഇയിലെത്തി. 1988-ൽ രണ്ടാമത്തെ മകൾ ഫഹീമ ജനിച്ചു. പിന്നീട് കുടുംബവും യുഎഇയിൽ സ്ഥിരതാമസമാക്കി. ഇപ്പോൾ രണ്ട് പെൺമക്കളും വിവാഹിതരാണ്. ആറ് പേരക്കുട്ടികളുമുണ്ട്.
കഴിഞ്ഞ വർഷമാണ് 50 വർഷം പൂർത്തിയാകുന്ന ദിവസം തന്നെ നാട്ടിലേക്ക് മടങ്ങണമെന്ന് അബിദ് തീരുമാനിച്ചത്. യുഎഇ നൽകിയ ജീവിതാനുഭവങ്ങൾക്കും അവസരങ്ങൾക്കും നന്ദി പറഞ്ഞാണ് അബിദ് മടങ്ങുന്നത്.