തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഉണ്ടായത് 66 ഉരുള്‍പൊട്ടലുകളും 97 മണ്ണിടിച്ചിലും. പീരുമേട് താലൂക്കിലാണ് കൂടുതല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി 12 മണിക്കൂറോളം തുടര്‍ച്ചയായി മഴ പെയ്തതിനെത്തുടര്‍ന്ന് 58 ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളാണ് പീരുമേട് താലൂക്കില്‍ മാത്രം ഉണ്ടായത്. 31 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുമുണ്ടായി.
ഒരാളുടെ മരണത്തിനിടയാക്കിയ കുടയത്തൂര്‍ അടൂര്‍മലയില്‍ ഉള്‍പ്പെടെ നാല് വലിയ ഉരുള്‍പൊട്ടലും എട്ട് മണ്ണിടിച്ചിലുമാണ് തൊടുപുഴ താലൂക്കില്‍ ഉണ്ടായത്. ഇടുക്കി താലൂക്കില്‍ മൂന്ന് ഉരുള്‍പൊട്ടലും 48 ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായതായാണ് കണക്ക്. ദേവികുളത്ത് ഒരു ഉരുള്‍പൊട്ടലും ഏഴിടത്ത് മണ്ണിടിച്ചിലും ഉടുമ്പഞ്ചോലയില്‍ മൂന്നിടത്ത് മണ്ണിടിച്ചിലുമുണ്ടായി. മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ജില്ലയിലെ പല മലയോര പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളാണെന്ന് കണ്ടെത്തിയിരുന്നു.
കാലവര്‍ഷം കനക്കുമ്പോള്‍ ഇത്തരം മേഖലകളില്‍നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ കാട്ടുന്നത് മെല്ലെപ്പോക്കാണെന്ന ആക്ഷേപം ശക്തമാണ്. ദുരന്തമുണ്ടായതിനു ശേഷം മാത്രമാണ് ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി രംഗത്തു വരുന്നത്.
ഇന്നും അതീവ ജാഗ്രതാ നിര്‍ദേശം
തൊടുപുഴ: ജില്ലയില്‍ അതിശക്തമായ മഴ ശമനമില്ലാതെ തുടരുന്നു. അതിതീവ്ര മഴസാധ്യതയെത്തുടര്ന്ന് ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ജില്ലയില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാനിരോധനവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണവും തുടരുകയാണ്.
മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടെ നിന്നുള്ളവര്‍ ക്യാമ്പുകളിലേക്കും മറ്റും മാറണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരും ക്യാമ്പുകളിലേക്കു മാറണം.