കൊച്ചി: കേരള റെയില്‍വേ പൊലിസിന്റെ ‘ഓപ്പറേഷന് രക്ഷിത’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് അറസ്റ്റിലായത് 81 പേര്. സംസ്ഥാനത്തെ 13 റെയില്‍വേ പൊലിസ് സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളെ അപമാനിക്കല്‍, ലൈംഗികാതിക്രമം, സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ കുറ്റകൃത്യങ്ങളിലാണ് അറസ്റ്റുണ്ടായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ട്രെയിനില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും കേരള റെയില്‍വേ പൊലിസ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ‘ഓപ്പറേഷന് രക്ഷിത’. ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പരിശോധനകളും നിയമനടപടികളും തുടരുമെന്ന് റെയില്‍വേ പൊലിസ് സൂപ്രണ്ട് ബി. കൃഷ്ണകുമാര്‍ അറിയിച്ചു.
പരാതിപ്പെടാന്‍ മടിക്കേണ്ട
യാത്രക്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ അതിക്രമങ്ങളോ നേരിടുകയാണെങ്കില്‍ ഉടന്‍തന്നെ റെയില്‍വേ പൊലിസിന്റെ സഹായം തേടാം. ഇതിനായി കേരള പൊലിസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ റെയില്‍ മൈത്രി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയോ, 112 (ഇആര്‍എസ്എസ്) എന്ന നമ്പറിലേക്കോ റെയില്‍ അലര്‍ട്ട് 9846200100, 9846200150, 9846200180 എന്ന നമ്പറുകളിലേക്കോ വിളിക്കാം.
റെയില്‍വേയുടെ റെയില്‍ ‘മദദ്’ 139 എന്ന നമ്പറിലൂടെയും റെയില്‍ മദദ് ആപ്പ് വഴിയും യാത്രക്കാര്‍ക്ക് സുരക്ഷാപ്രശ്നങ്ങള്‍ അറിയിക്കാം.