കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 81-ാം ജന്മദിനാചരണം ഇന്നു നടത്തും. 81-ാം ജന്മദിനം പ്രമാണിച്ച് 81 ബലൂണുകള്‍ ആകാശത്തിലേക്ക് ഉയര്‍ത്തി സംഗമത്തിനു തുടക്കമാകും. കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ എസ്ബിടി മുന്‍ ജനറല്‍ മാനേജര്‍ ജെ.പി.എന്‍. തമ്പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഗായിക എസ്. ജാനകിയുടെ നിത്യഹരിത ഓര്മ പുതുക്കുന്ന സംഗീതസദ്യ ജാനകീസ്മരണ, നൃത്തം, മാജിക്, ഗാനമേള എന്നിവ നടക്കും. ഉച്ചകഴിഞ്ഞുള്ള പരിപാടികള്‍ക്ക് സിഎംഎസ് കോളജ് വേദിയാകും. അവിടെ ചിത്രീകരിച്ച വിവിധ ചലച്ചിത്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള്‍ പുനരാവിഷ്കരിക്കപ്പെടും.
അംഗങ്ങളുടെ വിവിധ നൈപുണ്യപ്രവര്ത്തനങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചിട്ടുണ്ട്. ബാങ്കിന്റെ ദീര്‍ഘകാല മികച്ച ഇടപാടുകാരനും വിവിധ മേഖലകളില്‍ പ്രാവീണ്യം സിദ്ധിച്ച അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉപഹാരം നല്‍കും. ലോക കപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തില്‍ ജേതാക്കളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി അംഗങ്ങളായ സിബി ചാണ്ടി, ജിജി കോശി ജോര്‍ജ്, അനിയന് മാത്യു, ബിനോയ് മാത്യു പോള്‍, മനോജ് ഗോവിന്ദ്, ജേക്കബ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.