ന്യൂഡൽഹി: നാവികസേനയുടെ യുദ്ധക്കപ്പലുകളിലെ ‘ബാരക് പോയിന്റ് ഡിഫൻസ് മിസൈൽ സിസ്റ്റം’ നവീകരിക്കുന്നതിനായി ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസുമായി 1,976.40 കോടി രൂപയുടെ കരാറിൽ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു.
യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്ന മിസൈൽ സംവിധാനത്തിന്റെ ഹാർഡ്വേറും സോഫ്റ്റ്വേറും സമഗ്രമായി നവീകരിക്കുന്നതിനൊപ്പം കാലഹരണപ്പെട്ട ഭാഗങ്ങൾക്കു പകരമായി പുതിയവ ഉൾപ്പെടുത്തുന്നതും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
2000ത്തിലാണ് നാവികസേന ഇസ്രയേലിൽനിന്ന് ഈ മിസൈൽ സംവിധാനം വാങ്ങുന്നത്. ഐഎൻഎസ് വിക്രമാദിത്യ ഉൾപ്പടെയുള്ള പ്രമുഖ യുദ്ധക്കപ്പലുകളിൽ ഇതു സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ‘വിഎൽ-എസ്ആർഎസ്എം’ മിസൈലുകൾ പൂർണമായും സേനയുടെ ഭാഗമാകുന്നതുവരെ നിലവിലുള്ള ഈ സംവിധാനം കൂടുതൽ ശക്തവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കരാർ. ഇതിനുപുറമെ, നാവികസേനയ്ക്കായി ബ്രഹ്മോസ് ലോഞ്ചറുകളും ഫയർ കൺട്രോൾ സിസ്റ്റങ്ങളും വാങ്ങുന്നതിനായി 661 കോടി രൂപയുടെ മറ്റൊരു കരാറിലും കേന്ദ്രസർക്കാർ ഒപ്പുവച്ചിട്ടുണ്ട്.