വെള്ളരിക്കുണ്ട്: കൃഷിഭവനിൽനിന്നു കിട്ടിയ 30 വാഴവിത്തുകൾ മൂന്ന് സെന്റ് മണ്ണിൽ നട്ടു പരിപാലിച്ചപ്പോൾ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫെറോന വികാരി ഫാ.ഡോ. ജോൺസൺ അന്ത്യാംകുളത്തിന് ലഭിച്ചത് സമൃദ്ധമായ വിളവ്. പള്ളിമുറ്റത്ത് പച്ചപ്പുവിരിച്ച ഈ 30 നേന്ത്രവാഴകൾ കുളിർമയേകുന്ന കാഴ്ചയാണ്.
ബളാൽ കൃഷി ഭവനിൽ നിന്നാണ് വാഴവിത്തുകൾ ലഭിച്ചത്. പള്ളിമുറ്റത്തെ മൂന്ന് സെന്റ് സ്ഥലത്ത് തികച്ചും ജൈവരീതിയിൽ പരിപാലിച്ച വാഴകളെല്ലാം ഒരേ പാകത്തിൽ, ഒന്നൊഴിയാതെ കുലച്ചു. ഓരോ കുലയ്ക്കും ഏകദേശം 30 കിലോയോളം തൂക്കമുണ്ട്.
വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നിഖിൽ നാരായണൻ, പഞ്ചായത്തംഗങ്ങളായ സി. വി. ശ്രീധരൻ, പി. വി. ജിത, പഞ്ചായത്ത് സെക്രട്ടറി ആർ. രജിത് എന്നിവർ സംസാരിച്ചു. വിളവെടുപ്പിനു ശേഷം നടന്ന വാശിയേറിയ ലേലംവിളിയിൽ 1100 രൂപ നൽകി പഞ്ചായത്ത് സെക്രട്ടറി ആർ. രജിത് ആദ്യത്തെ വാഴക്കുല സ്വന്തമാക്കി.