തളിപ്പറമ്പ്: ഇരുപത്തിയാറ് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കുവോട്ടെ ഉഷയും രണ്ട് ആൺമക്കളും ഇരിട്ടി സ്നേഹഭവൻ പുനരധിവാസ കേന്ദ്രത്തിലേക്കു മാറി.
സർക്കാർ ഇടപെട്ടാണ് മൂവരേയും പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അന്നു ഭക്ഷണവും മരുന്നും കഴിക്കാൻ വിസമ്മതിച്ച്, ആരോടും സംസാരിക്കാതെ നിൽക്കുകയായിരുന്നു അവർ. ഇപ്പോൾ മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കുകയും ആരോഗ്യപ്രവർത്തകരോടും സന്ദർശകരോടും ചിരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
പുനരധിവാസ കേന്ദ്രത്തിലും മരുന്ന്, കൗൺസലിംഗ്, തൊഴിൽ പരിശീലനം എന്നിവ നൽകും. പൂർണമായും സുഖം പ്രാപിച്ച ശേഷം വീട്ടിലേക്കു മടക്കിക്കൊണ്ടുവരും.
പ്രിൻസിപ്പൽസ് കോൺഫറൻസ് ഹാളിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ജീവനക്കാരും ചേർന്ന് പാട്ട് പാടിയപ്പോൾ ഉഷയും മക്കളും കൂടെ പാടി. ഉഷ എല്ലാവർക്കും മധുരവും വിതരണം ചെയ്തു.
ആശുപത്രിയിൽ ഉഷയ്ക്കും മക്കൾക്കും താങ്ങായി നാട്ടുകാർ
ചികിത്സയിൽ കഴിഞ്ഞ 26 ദിവസവും ഉഷയ്ക്കും മക്കൾക്കും എല്ലാ സഹായവുമായി കൂട്ടിരുന്നത് കൂവോട് തുരുത്തിയിലെ നാട്ടുകാർ. വാർഡ് കൗൺസിലർ ധന്യ പ്രകാശ്, ആശാവർക്കർ എം. വനജ, അയൽവാസികളായ എം. സുരേന്ദ്രൻ, എം. ബാലകൃഷ്ണൻ തുടങ്ങിയവരാണ് എല്ലാ ദിവസവും ഇവർക്ക് കൂട്ടിരിക്കാനെത്തിയത്. കഴിഞ്ഞദിവസം ഇരിട്ടി സ്നേഹഭവനിലേക്ക് ഇവരെ കൊണ്ട് ചെന്നാക്കാനും ഇവർ അനുഗമിച്ചു. വീട് നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ഇവരെ തിരിച്ച് നാട്ടിലെത്തിച്ച് സംരക്ഷിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.