പിറവം: അങ്കണവാടി ജീവനക്കാർ സാമൂഹിക ഉത്തരവാദിത്ത്വം പുലർത്തേണ്ടവരാണെന്നും വർത്തമാന കാലത്ത് അങ്കണവാടികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും വനിതാ-ശിശുക്ഷേമ വികസന മന്ത്രി ബിന്ദു കൃഷ്ണ.
മണീട് പഞ്ചായത്തിലെ ആറാം വാർഡിൽ പുതുതായി നിർമാണം പൂർത്തീകരിച്ച 107ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരു കുഞ്ഞിന്റെ ജനനം മുതൽ മുന്നോട്ടുള്ള ജീവിതം അമ്മയുടെ മാത്രമല്ല, സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടുത്തരവാദിത്ത്വം കൂടിയാണെന്നും അതുകൊണ്ടുതന്നെ മാതൃശിശു ക്ഷേമ പ്രവർത്തനങ്ങളുടെ പരിപോഷിപ്പിക്കൽ സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു.
സ്വന്തമായി കെട്ടിടമില്ലാത്ത ആറാം വാർഡിൽ അങ്കണവാടി നിർമിക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയ കാപ്പുംകുഴിയിൽ കെ. എസ്. പ്രസാദിനെ ചടങ്ങിൽ ആദരിച്ചു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ മുഖ്യപ്രഭാഷണം നടത്തി.
മണീട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു , ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, മണീട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.