തിരുവനന്തപുരം: ജന്തർ മന്തറിലെ വിദ്യാർത്ഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ചുകൊല്ലണമെന്ന് പ്രകോപനപരമായി പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാവ്യാപക പ്രതിഷേധത്തിനൊരുങ്ങി എഐവൈഎഫ്. മോഹൻദാസിന്റെ പരാമർശം നാവുപിഴയായി കാണാൻ കഴിയില്ലെന്നും ആഭാസകരവും മനുഷ്യത്വവിരുദ്ധവുമാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ പറഞ്ഞു.
സംഘപരിവാറിന് വിദ്യാർത്ഥി സമരങ്ങളോട് കടുത്ത അസഹിഷ്ണുതയാണുള്ളതെന്നും കലാപത്തിനുള്ള ആഹ്വാനമായാണ് ഈ പ്രസ്താവനയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻദാസിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും എഐവൈഎഫ് നേതൃത്വം അറിയിച്ചു.
'പത്രിക' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം. അതേസമയം, മോഹൻദാസിന്റെ പ്രസ്താവന തള്ളി ആർഎസ്എസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ബിജെപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല.