തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്കെതിരെ പരോക്ഷ മറുപടിയുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ. ശ്രീനാരായണ ഗുരുവിന്റെ വിശാലമായ മാനവിക ദർശനങ്ങളെ പരാമർശിക്കുന്ന കവിതാരംഗങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് വെള്ളാപ്പള്ളിയുടെ പേരെടുത്തു പറയാതെയുള്ള ഷംസീറിന്റെ പ്രതികരണം.
"അദ്വൈതത്തിനൊരർത്ഥം നൽകിയ ശ്രീനാരായണ ഗുരുവിന്ന് പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു..." എന്നാണ് ഷംസീർ കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ എ.എൻ. ഷംസീറിനെതിരെ അതിരൂക്ഷമായ കടന്നാക്രമണങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. ഷംസീറിന്റേത് കമ്മ്യൂണിസ്റ്റ് മനസല്ലെന്നും മുസ്ലിം ലീഗിന്റെ മനസുപോലെയാണെന്നും ആരോപിച്ച വെള്ളാപ്പള്ളി, പാർട്ടിയിലെ മുതിർന്ന നേതാക്കൾ ത്യാഗങ്ങളിലൂടെ ഉയർന്നുവന്നപ്പോൾ ഷംസീർ വളരെ എളുപ്പത്തിലാണ് അധികാരത്തിലെത്തിയതെന്നും പരിഹസിച്ചിരുന്നു.
എന്നാൽ ഷംസീറിനെ വർഗീയമായി ചിത്രീകരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ സിപിഎം നേതൃത്വം പൂർണമായും തള്ളി. പാർട്ടി നേതാക്കളെ വർഗീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കുകയും ഷംസീറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.