കോഴിക്കോട്: വീണ്ടും വിവാദ പരാമര്‍ശവുമായി കാന്തപുരം. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്നു കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും പെണ്ണുങ്ങള് വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമുള്ള ആദ്യത്തെ പ്രസ്താവന വന്‍ വിവാദമായതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ നിലപാടുകള്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പരസ്യമാക്കിയത്.
‘സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനംകൊണ്ടാണ്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം. അതാണ് ഇസ്ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്. അതാണു മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യംചെയ്താല്‍ പേടിച്ച് ഓടില്ല. ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങള്‍ മതത്തെക്കുറിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് പറയാന്‍ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ പേടിച്ച് ഓടില്ല’- കാന്തപുരം കൂട്ടിച്ചേർത്തു.
രൂക്ഷ വിമര്‍ശനവുമായി പി.കെ. ശ്രീമതി
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛര്‍ദ്ദിച്ചുവെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവച്ചത്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആധുനിക കേരളത്തിന് മാപ്പു നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചു.
ഒരു ചാനല്‍ പരിപാടിയിലും പി.കെ. ശ്രീമതി കാന്തപുരത്തിനെതിരേ രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടു. ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ തന്നെയല്ലേ ഇസ്ലാം മതത്തില്‍നിന്നുള്ള പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായത്? കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഒരു മുസ്ലിം വനിതയായിരുന്നില്ലേ?. അവരോട് ആര്‍ക്കെങ്കിലും ആദരംകുറഞ്ഞിട്ടുണ്ടോ? കാന്തപുരത്തിന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ ആരും പുറത്തുപോകാറില്ലേ? പി.കെ.ശ്രീമതി ചാനല്‍ പരിപാടിയില്‍ ചോദിച്ചു.
പ്രതികരിച്ച് കോണ്‍ഗ്രസ് മന്ത്രിമാര്‍
കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് വലിയ നാശമാണെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോട് യോജിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ പൊതുരംഗത്ത് വരരുതെന്ന സമസ്തയുടെയോ കാന്തപുരത്തിന്റെയോ നിലപാടുകളോട് യോജിപ്പില്ലെന്നും അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്നു പറയുന്നത് പൊതുസമൂഹത്തിന് സ്വീകാര്യമായ നിലപാടല്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പക്ഷേ പരാമര്‍ശം അനുകരണീയമല്ല
ജനപ്രതിനിധികളായ സ്ത്രീകള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്കു കടന്നുവരണം എന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി സണ്ണി ജോസഫും പ്രതികരിച്ചു.
സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണിതെന്നായിരുന്നു മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രതികരണം.
തുല്യതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യുന്ന കാലമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.