ആലപ്പുഴ: ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരാതികളും ഒരിടത്തുതന്നെ പരിഹരിക്കാനാകുന്ന പുതിയ ആധാർ സേവ കേന്ദ്രം ആലപ്പുഴ കൈതവനയിൽ പ്രവർത്തനമാരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും തിരുത്തലുകൾക്കുമായി പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ കേന്ദ്രം ആശ്വാസമാകുമെന്ന് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ച ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു.
ആധാറുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും തിരുത്തലുകൾക്കുമായി നിരവധി പരാതികൾ ഉയരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായും ഒരിടത്തുതന്നെ പരിഹരിക്കാൻ കഴിയുന്ന കേന്ദ്രം ജില്ലയിൽ ആരംഭിക്കുന്നത് ഏറെ ആശ്വാസകരമാണെന്ന് കളക്ടർ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ എല്ലാ ജില്ലകളിലും യുഐഡിഎഐ സേവ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലും പ്രവർത്തനമാരംഭിച്ചതെന്ന് യുഐഡിഎഐ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ പറഞ്ഞു.
വയനാട് ഒഴികെ മറ്റ് ജില്ലകളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ 13-ാമത്തെ ആധാർ സേവ കേന്ദ്രമാണ് ആലപ്പുഴയിലേത്. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സമയം.