കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. ഇതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാകും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വാഹന സംബന്ധമായ സേവനങ്ങള്‍ നല്കുന്ന വാഹന്‍, ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച സാരഥി എന്നീ പോര്‍ട്ടലുകള്‍ വഴിയുള്ള സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈനാക്കുന്നത്.
ഇതോടെ ഭൂരിഭാഗം ആവശ്യങ്ങള്‍ക്കും അപേക്ഷകര്‍ക്ക് ആര്‍ടി ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതില്ല. പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാ ക്രമത്തിലാകും തീര്‍പ്പാക്കുക.
വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയല്‍, വ്യക്തിഗത വാദം കേള്‍ക്കല്‍ എന്നിവയ്ക്ക് ഒഴികെ ഓഫീസുകളില്‍ പോകേണ്ടി വരില്ല. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ നമ്മുടെ കേരളം പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും.
വ്യക്തിഗത വാദം കേള്‍ക്കലിന് പോര്‍ട്ടലിലെ വി മീറ്റ് സംവിധാനത്തിലൂടെ വീഡിയോ കോള്‍ വഴിയും ഹാജരാകാം. ഓണ്‍ലൈന്‍ അപേക്ഷകളുടെ പകര്‍പ്പ് ഓഫിസുകളില്‍ സമര്‍പ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാങ്കേതികസഹായം ആവശ്യമുള്ളവര്‍ക്ക് അക്ഷയ, സിഎസ്സി കേന്ദ്രങ്ങളെയോ ആര്‍ടി ഓഫിസുകളെയോ നേരിട്ട് സമീപിക്കാം. ആധാര്‍ ഒടിപി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം ആധികാരികത ഉറപ്പാക്കാന്‍ അപേക്ഷകന് ഒരു തവണ നേരിട്ട് ഹാജരാകേണ്ടിവരും.
ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് തുടങ്ങിയവയുടെ ടെസ്റ്റുകള്‍ക്കുള്ള സ്ലോട്ടുകള്‍ സാരഥി പോര്‍ട്ടല്‍ വഴിയും ഫിറ്റ്നസ് ടെസ്റ്റുകള്‍ക്കുള്ള സ്ലോട്ടുകള്‍ വാഹന്‍ പോര്‍ട്ടല്‍ വഴിയുമാണ് ബുക്ക് ചെയ്യുന്നത്.