ചങ്ങനാശേരി: കൊല്ലാട് അഭയമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം വിവാഹാഘോഷം ഒരുക്കി ദിവ്യയും അഖിലും. കാവാലം കുന്നുമ്മ മാടപ്പള്ളി വീട്ടില്‍ പരേതനായ പ്രഹ്ലാദന്റെയും രത്നമ്മ പ്രഹ്ലാദന്റെയും മകള്‍ ദിവ്യയും പന്തളം കൂരംമ്പാല സൗത്ത് മുക്കോടി പടിഞ്ഞാറ്റേതില്‍ ആർ. അജയകുമാറിന്റെയും എം.ജി. സുധാമണിയുടെയും മകന് എ. അഖിലുമാണ് തങ്ങളുടെ വിവാഹദിനത്തിലെ സന്തോഷം സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം പങ്കുവച്ചത്.
ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ദിവ്യയുടെ കുടുംബം ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുംവേണ്ടി അമ്മ രത്നമ്മ ഏറെ അധ്വാനിക്കേണ്ടിവന്നു. ബിഎസ്സി നഴ്സിംഗ് പൂര്‍ത്തിയാക്കിയ ദിവ്യ വിദേശത്ത് ജോലി നേടി.
നാട്ടിലെത്തി അഖിലുമായുള്ള വിവാഹം ഉറപ്പിച്ചപ്പോള്‍ ദിവ്യ ഒരേയൊരു ഡിമാന്‍ഡ് വച്ചു. അച്ഛനമ്മമാരാല്‍ ഉപേക്ഷിക്കപ്പെട്ടവരും സ്വന്തം മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായവര് കഴിയുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം വിവാഹാഘോഷം നടത്തണമെന്നായിരുന്നു ആ ആഗ്രഹം. വരന്റെ വീട്ടുകാര്‍ ഏറെ സന്തോഷത്തോടെ ഈ ആഗ്രഹത്തെ അംഗീകരിച്ചപ്പോള്‍ കൊല്ലാട് സ്നേഹക്കൂട് അഭയമന്ദിരത്തോട് ചേര്‍ന്നുള്ള തൃക്കോയിക്കല്‍ ഗുരുദേവ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിനുശേഷമുള്ള സല്‍ക്കാരവും ആഘോഷപരിപാടികളും സ്നേഹക്കൂട് അഭയമന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം സംഘടിപ്പിച്ചു. സ്വന്തം ജീവിതത്തില്‍ പിതാവിന്റെ അഭാവം അനുഭവിച്ചറിഞ്ഞ ദിവ്യ, സ്നേഹവും കരുതലും ആഗ്രഹിക്കുന്നവരുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ വെളിച്ചം പകരുകയായിരുന്നു.