ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോൺ പെൻസിൽവാനിയയിൽ നിന്നും മത്സരിക്കുന്നു.
ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീം എംപവറിന്റെ ഭാഗമായാണ് അഭിലാഷ് മത്സരിക്കുന്നത്. അമേരിക്കയിൽ എത്തുന്നതിനു മുൻപേ സാമൂഹിക രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു.
തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്നും നിയമബിരുദവും കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തര ബിരുദവും അഭിലാഷ് ജോൺ കരസ്ഥമാക്കി.
ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. കൊല്ലം കുളവാഴുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച അഭിലാഷ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്ന നിലയിലും മികച്ച സേവനം കാഴ്ചവച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനകളുടെ അമരക്കാരനയും ശോഭിച്ചു.
2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിര താമസമാക്കിയ അഭിലാഷ് പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയർമാൻ, സെക്രട്ടറി, ഓണലോപ്പ് കമ്മിറ്റിയുടെ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് ശ്രഷം നിലവിൽ ടികെഎഫ് വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു.
കൂടാതെ 12 മലയാളി അസോസിയേഷനുകൾ, ഫിൽ മലയാളി അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹിത്വവും അഭിലാഷ് ജോൺ വഹിക്കുന്നുണ്ട്.
അഭിലാഷിന്റെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ ഭാവിയെ കൂടുതൽ സജീവമാക്കിത്തീർക്കുമെന്നും ടീം എംപവർ പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് ആശംസിച്ചു.
പെൻസിൽവേനിയയിൽ നിന്നും ടീം എംപവറിന്റെ ഭാഗമായി നിന്ന് മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓളിക്കൽ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ഷാജി സാമുവേൽ, ആർവിപി സ്ഥാനാർഥി അജിത് ചാണ്ടി, നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ റോണി വർഗീസ്, മാത്യു ചെറിയാൻ, യുത്ത് കമ്മിറ്റി മെമ്പർ ഫെയ്ത് എൽദോ എന്നിവർ വിജയാശംസകൾ നേർന്നു.