ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ മുൻ ഗ്രൂപ്പ് ക്യാപ്റ്റനും വീർ ചക്ര പുരസ്കാര ജേതാവുമായ അഭിനന്ദൻ വർധമാൻ വാണിജ്യ വ്യോമയാന രംഗത്തേക്ക്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക വിമാനക്കമ്പനിയായ 'ഫ്ലൈ91'ൽ അദ്ദേഹം പൈലറ്റായി ചേർന്നതായി വിവരം ലഭിച്ചു. ഓഗസ്റ്റിലാണ് അദ്ദേഹം പൈലറ്റായി കമ്പനിയിൽ പ്രവേശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ വിഷയമാണെന്നും അതിൽ പ്രതികരിക്കാൻ കഴിയില്ലെന്നുമാണ് ഫ്ലൈ91 വക്താവ് അറിയിച്ചത്.
2019 ഫെബ്രുവരിയിൽ പാകിസ്ഥാനുമായുള്ള വ്യോമാക്രമണത്തിനിടെ ശത്രുരാജ്യത്തിന്റെ എഫ്-16 പോർവിമാനം വെടിവെച്ചിട്ടതിലൂടെയാണ് അഭിനന്ദൻ ലോകശ്രദ്ധ നേടിയത്. തുടർന്ന് പോരാട്ടത്തിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മിഗ്-21 ബൈസൺ വിമാനം തകർന്ന് പാക് അതിർത്തിക്കുള്ളിൽ വീഴുകയും മൂന്ന് ദിവസം ശത്രുരാജ്യത്തിന്റെ കസ്റ്റഡിയിൽ കഴിയേണ്ടി വരികയും ചെയ്തു.
ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മർദത്തെ തുടർന്ന് അദ്ദേഹത്തെ പാകിസ്ഥാൻ മോചിപ്പിക്കുകയായിരുന്നു. അതിർത്തിയിലെ സമാനതകളില്ലാത്ത ധീരത പരിഗണിച്ച് 2021-ൽ യുദ്ധകാല ബഹുമതിയായ വീർ ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പിന്നീട് അദ്ദേഹത്തിന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റവും ലഭിച്ചു.