മുംബൈ: ടി20 മികച്ച പ്രകടനം നടത്തുന്ന അഭിഷേക് ശർമ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ യുവതാരങ്ങളെ ഏകദിന ടീമിൽ പരിഗണിക്കണമെന്ന് മുൻ ഓൾറൗണ്ടർ യുവ്രാജ് സിംഗ്. അവരെ സ്ഥിരമായി പരിഗണിക്കാത്തത് അവരുടെ പ്രതിഭയോട് നീതി പുലർത്താത്തതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ ഈ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് തന്റെ ആഗ്രഹം. അഭിഷേകിനെ ഏകദിന ടീമിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇഷാൻ കിഷൻ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരെപ്പോലുള്ള താരങ്ങളെ ഏകദിന ക്രിക്കറ്റിൽ പരിഗണിക്കുന്നില്ലെങ്കിൽ അവരുടെ പ്രതിഭയോട് എവിടെയോ നീതി പുലർത്തുന്നില്ലെന്നാണ് ഞാൻ കരുതുന്നത്.
അഭിഷേക് ശർമയുടെ ദീർഘകാല മെന്റർ കൂടിയാണ് യുവ്രാജ്. അതേസമയം ടീമിലുള്ള മുതിർന്ന താരങ്ങളുടെ സാന്നിധ്യം യുവതാരങ്ങൾക്ക് ഇടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. മുതിർന്ന താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിൽ യുവതാരങ്ങൾക്ക് ടീമിൽ അവസരം കണ്ടെത്തുക എളുപ്പമല്ല. എന്നാൽ യുവ ബാറ്റർമാർ ഇപ്പോൾ നടത്തുന്ന പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ വൈകാതെ തന്നെ അവർക്ക് ടീമിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവ്രാജ് പറഞ്ഞു.