അബുദാബി: രാഗസുധ മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷം ശാസ്ത്രീയ സംഗീതോത്സവത്തിന്റെ സംഗമ വേദിയായി. "സമര്‍പ്പണ 2026' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സംഗീതജ്ഞൻ ബ്രഹ്മശ്രീ ചന്ദ്രമന നാരയണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്റെയും രാഗസുധയുടെ സാരഥി ദിവ്യ വിമലിന്റെയും സംഗീത ഗുരുവായ ബ്രഹ്മശ്രീ ചന്ദ്രമന നാരയണന് നമ്പൂതിരിക്ക് നൽകുന്ന ഗുരുദക്ഷിണയായാണ് സംഗീതോത്സവം ഒരുക്കിയത്.
മധു ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമർപ്പണ ഗാനാലാപനം നടത്തുകയും ചെയ്തു. നാല് മുതൽ 65 വയസ്സുവരെയുള്ള 130 ലേറെ വിദ്യാർഥികൾ അവതരിപ്പിച്ച കര്‍ണാടക സംഗീത വിരുന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നീണ്ടുനിന്നു.
പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ ബ്രഹ്മശ്രീ ചന്ദ്രമന നാരയണന് നമ്പൂതിരിയും മധു ബാലകൃഷ്ണനും ദിവ്യ വിമലും ചേര്‍ന്ന് വിതരണം ചെയ്തു. ഗുരുപത്നി സരസ്വതി ദേവി, ബാലകൃഷ്ണൻ നായർ, ബേബി ബാലകൃഷ്ണൻ, വിമൽ എസ്. നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.