കൊച്ചി: പൊതു വിദ്യാഭ്യാസവകുപ്പ് നൽകി വരുന്ന സിഎം കിഡ്സ് (എൽപി/യുപി) സ്കോളർഷിപ്പ് കുടിശികയുടെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള പോർട്ടൽ ലഭ്യമാകാതിരിക്കെ, വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത കുട്ടികളെ പോർട്ടലിൽനിന്നു നീക്കം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ.
2023 വരെ സ്കോളർഷിപ്പ് പരീക്ഷ വിജയിച്ച കുട്ടികളുടെ കുടിശികത്തുക, ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ പോർട്ടൽ തുറക്കാൻ കഴിയാതിരുന്നതിനാൽ പലർക്കും വിവരങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ കുടിശിക ലഭിക്കേണ്ട വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്കയേറി.
വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കെ സമയപരിധി അവസാനിപ്പിക്കുകയും തുടർന്ന് കുട്ടികളുടെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്ത നടപടി അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
സ്കോളർഷിപ്പ് വിതരണം സുഗമമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ സംവിധാനം വഴി 2024 ജൂൺ മുതൽ കുട്ടികളുടെ കുടിശിക സംബന്ധമായ വിവരങ്ങൾ ശേഖരിച്ചുവരികയായിരുന്നു.
എന്നാൽ നാളിതുവരെയും കുടിശിക സംബന്ധിച്ച വിവരങ്ങൾ പൂർണമായി പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ നടപടി സ്വീകരിക്കുന്നതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്.