കൊച്ചി: നിലവിലുള്ളതും കാലാവധി കഴിഞ്ഞു പോയവരുമായ എംപി, എംഎല്‍എമാര്‍ ഉള്‍പ്പെട്ട തീര്‍പ്പാകാത്ത കേസുകള്‍ സംബന്ധിച്ച കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി.
ജൂണ്‍ 30 വരെ വിവിധ കോടതികളിലായി ജനപ്രതിധികള്‍ പ്രതികളായ 555 കേസുകള്‍ നിലവിലുള്ളതായി ഹൈക്കോടതി അഡ്മിനിസ്ട്രേഷന് വിഭാഗവും 256 കേസുകള്‍ ഉള്ളതായി പോലീസ് മേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പൊരുത്തക്കേട് പരിഹരിച്ചു കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഭാവിയില്‍ റിപ്പോർട്ട് നല്കുമ്പോള് പോലീസ് മേധാവി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്കി.
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ പുരോഗതി വിലയിരുത്താന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2021ല്‍ സ്വമേധയാ എടുത്ത കേസാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള 12 കേസുകളിലും രണ്ടു വര്ഷത്തിലേറെയായ 31 കേസുകളിലും വാറന്റോ സമന്‍സോ ഇനിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജില്ലാ ജുഡീഷറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഏറെയും വാറന്റുകള്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ ജില്ലാ ജുഡീഷറിയുടെ കണക്കുകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് പോലീസ് എഐജിക്കു കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി ഓഗസ്റ്റ് 13ന് പരിഗണിക്കാന്‍ മാറ്റി.