തിരുവനന്തപുരം: പാങ്ങപ്പാറയിൽ അഭിറാം എന്ന പതിനേഴുകാരന്റെ കൊലപാതകത്തിൽ പോലീസിനോട് കൂടുതൽ വെളിപ്പെടുത്തൽ നടത്തി പ്രതിയായ പതിനേഴുകാരൻ. തന്റെ പെണ്‍സുഹൃത്തായ ആനന്ദയുടെ ചിത്രങ്ങൾ പുറത്ത് വിട്ടതിനു പിന്നിൽ അഭിറാമും സുഹൃത്തും ആയിരുന്നുവെന്ന് വിശ്വസിച്ചിരുന്നു. അതിനാൽ ഇരുവരെയും വകവരുത്താൻ തീരുമാനിച്ചുവെന്നാണ് പതിനേഴുകാരന്റെ മൊഴി.
ആനന്ദയുടെ മൊബൈൽ ഫോണിലൂടെ അഭിറാമിനെ വിളിച്ചുവരുത്തിയശേഷം അഭിറാമിന്റെ സുഹൃത്തിനെ കൂടി എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ, സുഹൃത്തിനെ പാങ്ങപ്പാറയിലെത്താൻ രണ്ട് തവണ അഭിറാമിനെ കൊണ്ട് വിളിപ്പിച്ചെങ്കിലും സുഹൃത്ത് വന്നില്ല. ഇതേത്തുടർന്നാണ് അഭിറാമിനെ കൊലപ്പെടുത്തിയത്.
ജുവൈനൽ ജസ്റ്റീസ് ബോർഡ് ഹോമിൽ പാർപ്പിച്ചിരുന്ന പതിനേഴുകാരനായ പ്രതിയെ പോലീസ് ചോദ്യം ചെയ്തു. ഇതിലൂടെയാണ് പ്രതി പല സുപ്രധാന വിവരങ്ങളും വെളിപ്പെടുത്തിയത്.
പതിനേഴുകാരനായ പ്രതി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉമർ, പതിനേഴുകാരന്റെ പെണ്‍സുഹൃത്ത് ആനന്ദ, ഉമറിന്റെ പെണ്‍സുഹൃത്തായ ഐശ്വര്യ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. അഭിറാമിന്റെ മൊബൈൽ ഫോണ്‍, കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ഉൾപ്പടെ പ്രതികളിൽനിന്നും പിടിച്ചെടുക്കാനുണ്ട്.