ബാലുശേരി: ജോലികഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് രണ്ടര പവന്റെ സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ പൊലിസ് വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് പിടികൂടി. തലയാട് തൊടിയാടിമ്മൽ സഹൽ (28) ആണ് പിടിയിലായത്.
ജോലികഴിഞ്ഞ് വീട്ടിലേക്ക് മകനോടൊപ്പം മടങ്ങുകയായിരുന്ന ഉണ്ണികുളം സ്വദേശിനി അനുശ്രീയുടെ രണ്ടര പവന്റെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പ്രതിയുടെ ഫോട്ടോ ലഭിച്ചത്.
പ്രതി സഞ്ചരിച്ച വിവിധ ഇടങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ബാലുശേരി പൊലിസ് വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും പ്രതിയെ അതിസാഹസികമായി പിടിച്ചത്.സ്വർണമാല വിറ്റ് പ്രതി ഐഫോണ്‍ വാങ്ങുകയായിരുന്നു.