ന്യൂഡൽഹി: നാലു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ വിട്ടയച്ച വിചാരണക്കോടതിയുടെ 16 വർഷം മുമ്പത്തെ നടപടി റദ്ദാക്കി ഡൽഹി ഹൈക്കോടതി.
പീഡനവുമായി ബന്ധപ്പെട്ട് നാലുവയസുകാരിയുടെ സാക്ഷ്യപ്പെടുത്തലിൽ വ്യക്തമായ ചില വാക്കുകൾ ഉപയോഗിച്ചില്ല എന്ന കണ്ടെത്തലിലാണു വിചാരണക്കോടതി പ്രതിക്ക് ഇളവ് അനുവദിച്ചത്. എന്നാൽ ഒരു നാലുവയസുകാരിക്ക് പീഡനത്തിന്റെ നിയമപരമായോ സാങ്കേതികപരമായോ ഉള്ള വശങ്ങൾ അതേപടി വിശദീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇരയായ കുട്ടി പേടിയോടെയാണു സംഭവം വിവരിച്ചതെന്നും അത്തരം ഒരു ട്രോമയിലൂടെ കടന്നുപോയ ഒരു കുട്ടിയിൽനിന്ന് കൃത്യമായ നിയമഭാഷ പ്രതീക്ഷിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വൈദ്യപരിശോധനാ റിപ്പോർട്ടിലെ രക്തക്കറകളും പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിലുണ്ടായ പരിക്കുകളും പീഡനം നടന്നുവെന്നതിനു വ്യക്തമായ തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അയൽവാസിയായ പ്രതി ക്രൂരത കാട്ടിയ വിവരം കുട്ടി അമ്മയോടും മജിസ്ട്രേറ്റിനോടും കോടതിയിലും ഒരുപോലെ ഉറച്ചുപറഞ്ഞതും മെഡിക്കൽ തെളിവുകളും കുറ്റം തെളിയിക്കാൻ പര്യാപ്തമാണെന്നു വ്യക്തമാക്കിയ ഹൈക്കോടതി വിചാരണക്കോടതി ഓരോ തെളിവിനെയും ഒറ്റപ്പെടുത്തിയാണ് കണ്ടതെന്നും വിമർശിച്ചു.
പ്രതിക്കുള്ള ശിക്ഷയിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും. 2010 ഏപ്രിൽ പത്തിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്താണു ഡൽഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചത്.