തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ മുഖ്യമന്ത്രി ഇടപെട്ടതായി സമരസമിതി നേതാക്കൾ അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി നേതാക്കൾക്ക് ചർച്ച നടത്താമെന്നും അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
എന്നാൽ ചർച്ചയുടെ തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ സൗകര്യം പരിഗണിച്ചായിരിക്കും കൂടിക്കാഴ്ച നിശ്ചയിക്കുക. സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായും സമരസമിതി വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഐസിയുവിൽ നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് വളർമതി ചർച്ച നടക്കുന്നതുവരെ നിരാഹാരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.