ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ ഭക്ഷ്യബ്രാൻഡായ പ്രിയ ഗോൾഡ് ബിസ്കറ്റ് നിർമാതാക്കളായ സൂര്യ ഫുഡ് ആൻഡ് അഗ്രോ കമ്പനിക്കെതിരേ ഭക്ഷ്യസുരക്ഷാ അഥോറിറ്റി (എഫ്എസ്എസ്എഐ) നിയമനടപടികൾ ആരംഭിച്ചു.
മനുഷ്യർക്കു കഴിക്കാൻ യോഗ്യമല്ലാത്ത കാലിത്തീറ്റയിലെ തവിട് ബിസ്കറ്റ് നിർമാണത്തിനായി ഉപയോഗിച്ചതുൾപ്പടെയുള്ള ഗുരുതരമായ ഭക്ഷ്യസുരക്ഷാലംഘനങ്ങളാണു കണ്ടെത്തിയത്.
ഒരു ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്ന് കമ്പനിയുടെ പ്ലാന്റിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ബിസ്കറ്റിൽ ഫൈബറിനായി ഉപയോഗിക്കുന്ന ഘടകമായി കാലിത്തീറ്റയ്ക്കുള്ള തവിടാണു കമ്പനി ചേർത്തിരുന്നത്. ഈ തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളിൽ ഇത് മൃഗങ്ങൾക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളും ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.
കൂടാതെ ഫാക്ടറിയിലെ ശുചിത്വം, കീട നിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിഗത ശുചിത്വം എന്നിവയിലെല്ലാം ഗുരുതരമായ വീഴ്ചകൾ പരിശോധനയിൽ കണ്ടെത്തി. കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പുറമെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മറ്റു കമ്പനികൾക്കെതിരേയും നടപടി
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതിന് സൂര്യ ഫുഡ്സിനു പുറമെ ദൊഡ്ല ഡെയറി, യുഇഐആർ ഓർഗാനിക് ഫുഡ്സ് എന്നീ രണ്ട് മുൻനിര കമ്പനികൾക്കെതിരേയും ഭക്ഷ്യസുരക്ഷാ അഥോറിറ്റി പ്രോസിക്യൂഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.
ദൊഡ്ല ഡെയറിയുടെ പ്ലാന്റിൽനിന്നു ശേഖരിച്ച ഫുൾ ക്രീം പാൽ സാമ്പിൾ ലാബ് പരിശോധനയിൽ നിലവാരമില്ലാത്തതാണെന്നു കണ്ടെത്തി. പാലിൽ ഡിറ്റർജന്റോ കാസ്റ്റിക് സോഡയോ അടങ്ങിയിട്ടുണ്ടെന്നും നിശ്ചിത അളവിലും താഴെയാണ് കൊഴുപ്പെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2006 ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് ഗുരുതര കുറ്റമാണ്.
യുഇഐആർ ഓർഗാനിക് ഫുഡ്സ് കമ്പനി വിൽപന നടത്തിയ മഞ്ഞ ഉണക്കമുന്തിരിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ യാതൊരു വിട്ടവീഴ്ചയുമില്ലെന്നും ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ തുടരുമെന്നും ഭക്ഷ്യസുരക്ഷാ അഥോറിറ്റി അറിയിച്ചു.