കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ പുസ്തകം ഗ്രന്ഥപ്പുരകളിലും വായനക്കാരിലും നിരൂപകരിലും ശ്രദ്ധ നേടുന്നു. ‘ആദം നീ എവിടെ ആകുന്നു?’ എന്ന തലക്കെട്ടുതന്നെയാണ് എന്നെ പ്രഥമമായി ആകർഷിച്ചത്. ആദ്യമായിട്ടല്ല ആദത്തെപ്പറ്റി മലയാളത്തിൽ ഹൈന്ദവനായ ഒരു എഴുത്തുകാരന്റേതായി ഒരു രചന പ്രസാധനം ചെയ്യപ്പെട്ടിട്ടുള്ളതും വിചിന്തന വിഷയമായിട്ടുള്ളതും. വിഷ്ണു നാരായണൻ നന്പൂതിരിയുടെ ‘ആദവും ദൈവവും’, കെ.പി അപ്പന്റെ ‘ബൈബിൾ: വെളിച്ചത്തിന്റെ കവചം’, ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’, ‘കലഹവും വിശ്വാസവും’, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ‘മധുരം നിന്റെ ജീവിതം’ എന്നീ കൃതികളും ഓർക്കണം. സാഹിത്യരംഗത്തും അനുവാചക മനസുകളിലും ഇടം പിടിച്ചിട്ടുള്ള ക്രിസ്ത്യൻ ദർശനങ്ങളും വിചാരധാരകളുമാണ് അവ ഓരോന്നും.
അതോടൊപ്പം കെ.പി. കേശവമേനോന്റെ വിഖ്യാതമായ ‘യേശുദേവൻ’ വളരെയേറെ പ്രചാരം ലഭിച്ച കൃതിയാണ്. “ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും അറിയാനുള്ള മനുഷ്യന്റെ ദാഹം ശമിപ്പിക്കാനുള്ള വറ്റാത്ത ഉറവിടമാണ് യേശുക്രിസ്തു. അന്ധകാരത്തിൽ കിടന്നുഴലുന്ന മനുഷ്യന് പ്രകാശമാനമായ ഒരു മാർഗം ക്രിസ്തു കാണിച്ചുകൊടുത്തു” എന്ന് ‘യേശു ദേവൻ’ എന്ന പുസ്തകം ഉദ്ധരിച്ച് വി.ഡി. സതീശൻ വിവരിക്കുന്നു (ആദം നീ എവിടെ ആകുന്നു?, പേജ് 171).
ഏറെ സന്തോഷവും അഭിമാനവുമുണ്ട്, വി.ഡി. സതീശന്റെ ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം കൈയിലെടുക്കുന്പോൾ. കാരണം ഞങ്ങൾ രണ്ടുപേരും ഒരേ പള്ളിക്കൂടത്തിൽ, ഒരേ അധ്യാപകർ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വർഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്കൂളിലെ ആ ഗുരുഭൂതരെ ഞാൻ ഓർക്കുന്നത്. ഗോകുൽ സാറും രാമാനുജൻ മാഷും വിക്ടോറിയ ടീച്ചറും ഗോപിസാറുമൊക്കെ ഇന്നും ഹൃദയത്തിൽ കെടാവിളക്കുപോലെ കത്തിനിൽക്കുന്നവരാണ്. ക്ലാസിലെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ മാറോടു ചേർത്ത സുധാംബിക ടീച്ചർ സതീശനെപ്പറ്റി മാധ്യമങ്ങളോട് പങ്കുവച്ചത് മാതൃവാത്സല്യത്തിന്റെ സാഫല്യത്തിലായിരുന്നല്ലോ!
വി.ഡി. സതീശന്റെ ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം വിവിധ ക്രൈസ്തവ സമൂഹങ്ങളോടു നടത്തിയ 32 പ്രസംഗങ്ങളുടെ സമാഹാരമാണ്. സമാദരണീയരായ പല ക്രൈസ്തവ നേതാക്കളെയുംകുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം, ബൈബിൾ തന്റെ രാഷ്ട്രീയ ചിന്തകളെയും നൈതിക കാഴ്ചപ്പാടുകളെയും പൊതുജീവിതത്തെയും എങ്ങനെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഉത്പത്തി 3:9ൽ ദൈവം ആദത്തിനോടു ചോദിക്കുന്ന ചോദ്യത്തിൽ നിന്നാണ്: ‘ആദം, നീ എവിടെയാണ്?’ ഇത് ഒരു ഭൗതികസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യം മാത്രമല്ല; മറിച്ച്, മനുഷ്യന്റെ ഉത്തരവാദിത്വത്തെയും മനഃസാക്ഷിയെയും ദൈവത്തോടും സമൂഹത്തോടുമുള്ള ബന്ധത്തെയുംകുറിച്ചുള്ള ആത്മപരിശോധനയാണ്.
ഈ പുസ്തകം ബൈബിൾ സന്ദേശങ്ങളെ വെറും ആത്മീയചിന്തകളായി മാത്രം അവതരിപ്പിക്കുന്നില്ല; മറിച്ച്, സാമൂഹിക നീതി, കരുണ, ഉത്തരവാദിത്വം, പൊതുസേവനം, രാഷ്ട്രീയ ധാർമികത എന്നിവയുടെ വെളിച്ചത്തിൽ അവയെ വ്യാഖ്യാനിക്കുകയാണ്. പ്രത്യേകിച്ച്, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ക്രൈസ്തവ വിശ്വാസവും പൊതുജീവിതവും തമ്മിലുള്ള ബന്ധം ഇതിൽ അവതരിപ്പിക്കപ്പെടുന്നു.
പുസ്തകത്തിന്റെ കാലികപ്രസക്തി
ഇന്നത്തെ ലോകം വിഭജനങ്ങളും അഴിമതിയും ഉപഭോക്തൃവത്കരണവും ഹിംസയും ഏകാന്തതയും ധാർമികമൂല്യങ്ങളുടെ നഷ്ടവും നേരിടുകയാണ്. ഈ സാഹചര്യത്തിൽ ബൈബിൾ ആധാരമാക്കിയ ഒരു ഗ്രന്ഥം ക്രൈസ്തവ സമൂഹത്തിനപ്പുറം മുഴുവൻ മനുഷ്യർക്കും പ്രസക്തമാകുന്നു.
അവതാരികയിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് എഴുതുന്നു: “ആദമിനെ അന്വേഷിക്കുന്ന ദൈവത്തെ തിരിച്ചന്വേഷിക്കുന്നതാണ് സതീശന്റെ ബൈബിൾ പ്രഭാഷണങ്ങളുടെ രസവും രഹസ്യവും” (പേജ് 11).
‘ആദം, നീ എവിടെയാണ്?’ എന്നത് ഇന്നും മനുഷ്യരോടുള്ള ദൈവത്തിന്റെ ചോദ്യമാകുന്നു. സത്യത്തിന്റെ മുന്പിൽ നാം എവിടെയാണ്? ദരിദ്രരോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിൽ നാം എവിടെയാണ്? അനീതിയുടെ മുന്നിൽ നാം മൗനം പാലിക്കുന്നുവോ? പ്രകൃതിയെ നശിപ്പിക്കുന്പോൾ നമ്മുടെ മനഃസാക്ഷി എവിടെയാണ്? സഹോദരന്മാരോടും സഹോദരിമാരോടും ഉള്ള ബന്ധത്തിൽ നാം എവിടെയാണ്?
ആമുഖത്തിൽ സതീശൻ എഴുതുന്നു: “ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു എനിക്കു തന്നിട്ടുള്ളത്.” നിങ്ങൾ പ്രത്യാശയുള്ളവരായിരിക്കുക, കാരണം “നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നവൻ വിശ്വസ്തനാണ്” എന്ന സത്യമാണ് എന്നെ നയിക്കുന്നത് (പേജ് ആറ്).
യേശുക്രിസ്തുവിന്റെ സന്ദേശം ഇന്നും അതീവപ്രസക്തമാണ്. കാരണം, അവിടത്തെ ഉപദേശങ്ങൾ മനുഷ്യമഹത്വം, ക്ഷമ, നീതി, ഐക്യം, സേവനം, വിനയം, സത്യം, ദുർബലരോടുള്ള കരുതൽ എന്നിവയിൽ അധിഷ്ഠിതമാണ്.
രാഷ്ട്രീയ നേതൃത്വത്തിൽ ബൈബിളിന്റെ സ്വാധീനം
ചരിത്രത്തിലുടനീളം ബൈബിൾ അനേകം രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. നീതി, സമത്വം, കരുണ, മനുഷ്യാവകാശങ്ങൾ തുടങ്ങിയ ആശയങ്ങൾ രൂപപ്പെടുന്നതിൽ ബൈബിളിന്റെ പങ്ക് വലുതാണ്.
ബൈബിൾ മൂല്യങ്ങളിൽ ആധാരിതനായ ഒരു നേതാവ് സാധാരണയായി ദരിദ്രരുടെ സംരക്ഷണം, ഭരണത്തിലെ സത്യസന്ധത, സാമൂഹിക ഐക്യം, തൊഴിലിന്റെ മഹത്വം, പരിസ്ഥിതിയുടെ സംരക്ഷണം, മനഃസാക്ഷിയോടുള്ള ഉത്തരവാദിത്വം എന്നിവ മുൻനിർത്തുന്നു. അതിനാൽത്തന്നെ പുതിയ മുഖ്യമന്ത്രിയുടെ ഭരണസാരഥ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ മെർക്കുറി ലെവൽ ഉയർന്നുനിൽക്കുന്നു.
പൊതുപ്രവർത്തകർക്കുള്ള നേതൃമാതൃകകൾ
‘മുൾപ്പടർപ്പിലെ മോശ’ എന്ന ലേഖനത്തിൽ ത്യാഗപൂർണവും സഹനശീലവുമുള്ളതായ നേതൃത്വത്തെപ്പറ്റി സതീശൻ സവിസ്തരം പ്രതിപാദിക്കുന്നു: തീ പിടിച്ചെങ്കിലും കത്തിയെരിയാത്ത ഒരു മുൾപ്പടർപ്പിൽനിന്നു ദൈവസ്വരം തിരിച്ചറിഞ്ഞ മോശ എന്ന താപസശ്രേഷ്ഠൻ ജനവിമോചനത്തിനായി ഇറങ്ങിത്തിരിച്ചതിന്റെ ത്യാഗവും സമർപ്പണവും വിവരിക്കുന്നത് ശ്രദ്ധേയമാണ് (പേജ് 168-170).
അതുപോലെ സോളമന്റെ വിജ്ഞാനവും വിവേകവും സ്വന്തമാക്കിയതിനെപ്പറ്റിയുള്ള വിവരണം നാം ഓർക്കണം. സോളമന്റെ പ്രാർഥന ഇതായിരുന്നു. എനിക്ക് ധനവും പ്രശസ്തിയും വേണ്ട, പ്രജകളെ ന്യായം വിധിക്കുന്നതിന് ശ്രവിക്കുന്ന ഒരു ഹൃദയവും ജ്ഞാനവും അങ്ങയുടെ ദാസന് തരിക. (1 രാജാക്കന്മാർ 3:9,11). പ്രതിപക്ഷ നേതാവായി ദൗത്യമേറ്റെടുത്തപ്പോൾ ഈ പ്രാർഥനയാണ് പ്രചോദനമായതെന്ന് സതീശൻ പ്രസ്താവിക്കുന്നു. വിവേകാനന്ദനും ഗാന്ധിജിയുമൊക്കെ ക്രിസ്തുവിന്റെ വലിയ സ്വാധീനം സ്വീകരിച്ചവരാണെന്നും അനുസ്മരിക്കുന്നുണ്ട്. (‘കരുതൽ’ എന്ന എന്റെ പുസ്തകത്തിലെ ‘ഗാന്ധിജി നടന്ന ക്രിസ്തുവഴികൾ’ കാണുക, പേജ് 186-196).
‘നിലപാടുകളിൽ പതറാത്ത തോമസ് അപ്പോസ്തലനെ’പ്പറ്റി സതീശൻ എഴുതുന്നുണ്ട്. “ഉന്നതമായ ധാർമികതയും യേശുവിനോട് സമാനതകളില്ലാത്ത വിശ്വസ്തതയും കൂറും പുലർത്തിയ ശിഷ്യനായിരുന്നു തോമസ്. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം അലയടിക്കുന്ന ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും മാഞ്ഞുപോകുന്പാൾ ക്രിസ്തുവിൽ പതറാതെ നിൽക്കുന്നവർക്കുമാത്രം പറയാൻ കഴിയുന്ന ഒന്നാണ് തോമസിന്റെ നിലപാട്. “അവനോടുകൂടെ മരിക്കുന്നതിന് നാമും പോകുക” എന്നു പറയുന്പോൾ സ്വന്തം ജീവൻ ത്യജിക്കാനുള്ള മനസാണ് അവിടെ പ്രകടിക്കപ്പെട്ടത്… തോമസ് ശ്ലീഹ ഉയർത്തിപ്പിടിച്ചത് നിലപാടുകളിൽ വെള്ളം ചേർക്കാത്ത രാഷ്ട്രീയമാണ്” (പേജ് 84, 86, 87).
‘നിലപാടുകളിൽ വെള്ളം ചേർക്കാതെ’ ക്രിസ്തുവിനുവേണ്ടി ജീവാർപ്പണം നടത്തിയ ഗ്രഹാം സ്റ്റെയിൻസിനെയും ഫാ. സ്റ്റാൻ സ്വാമിയെയുമൊക്കെ സതീശൻ അനുസ്മരിക്കുന്നുണ്ട്.
യേശുവിന്റെ ഗിരിപ്രഭാഷണവും സ്റ്റാൻ സ്വാമിയുടെ ജയിലിൽനിന്നുള്ള കവിതയും ഉദ്ധരിച്ച് സതീശൻ എഴുതുന്നു: “ജയിൽമുറിയിൽ കിടക്കുന്പോഴും വെളിച്ചവും നീതിയും നിഷേധിക്കപ്പെട്ടവർക്കായുള്ള പോരാട്ടത്തിൽ ക്രിസ്തുവിനെ മുൻനിർത്തി പോരാടുമെന്നു പറയുന്ന യോദ്ധാവായിരുന്നു സ്റ്റാൻ സ്വാമി. ഇരുളിനെ വെളിച്ചംകൊണ്ട് കീഴടക്കണം. നിരാശയ്ക്ക് പകരം പ്രത്യാശ. വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കണം. ക്രിസ്തുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കണം”(പേജ് 150).
പൊതുപ്രവർത്തകനെന്ന നിലയിൽ, പൊതുജന ശുശ്രൂഷകനെന്ന നിലയിൽ ജനങ്ങൾക്കുവേണ്ടിയുള്ള പരമമായ സമർപ്പണമാണ് കർത്താവ് നടത്തിയത് എന്ന് പ്രഖ്യാപിക്കുന്ന സതീശൻ, ‘യേശുവിന്റെ മാനിഫെസ്റ്റോ’ എന്ന അധ്യായത്തിൽ. (പേജ് 174). തുടർന്നെഴുതുന്നു: “മനുഷ്യരാശിയുടെ സമഗ്രമായ രക്ഷയെക്കുറിച്ചുള്ള കരുതലിനെക്കുറിച്ചായിരുന്നു ക്രിസ്തുവിന്റെ ഉത്കണ്ഠയും പ്രത്യാശയും. ജനപ്രതിനിധികൾ എന്ന നിലയിൽ പൊതുപ്രവർത്തകരായ ഞങ്ങളും ക്രിസ്തുവിന്റെ ഈ മാനിഫെസ്റ്റോ ഞങ്ങളാൽ കഴിയുംവിധം നടപ്പാക്കാനാണ് പരിശ്രമിക്കുന്നത്. അതിനുള്ള ശക്തിയും ബുദ്ധിയും വിവേകവും ലഭിക്കാൻ നിങ്ങളുടെ നിരന്തരമായ പ്രാർഥനയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്” (പേജ് 184).
മറ്റൊരദ്ധ്യായത്തിൽ സതീശൻ വിശദീകരിക്കുന്നു: “അധികാരം മറ്റുള്ളവന്റെമേൽ ആധിപത്യം സ്ഥാപിക്കാനല്ല. മറിച്ച്, എളിയവർക്കുവേണ്ടി, പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി പണിയെടുക്കാനാണെന്ന ഓർമപ്പെടുത്തലാണ് ക്രിസ്തു എപ്പോഴും പറഞ്ഞിട്ടുള്ളത്. ദൈവഹിതം നടപ്പാക്കാനുള്ള ദൗത്യമാണ് ഓരോ മനുഷ്യനുമുള്ളത്. അവനവന്റെ മേഖലകളിൽ, ജീവിതവഴികളിൽ ദൈവഹിതം നടപ്പാക്കാനുള്ള ചുമതലയാണ് നമ്മെ ഏല്പിച്ചിരിക്കുന്നത്. പൊതുപ്രവർത്തകനെ നിലയിൽ എന്നാലാവുംവിധം ദൈവഹിതം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഒരുപാട് പരിമിതികളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ. പക്ഷേ, ദൈവം എനിക്കു തന്ന അവസരങ്ങൾ മനുഷ്യമോചനത്തിനും അവരുടെ നന്മയ്ക്കും ഫലപ്രദമായി വിനിയോഗിക്കാനാണ് ഞാൻ പരിശ്രമിക്കുന്നത്” (പേജ് 184).