കോട്ടയം: സംസ്ഥാനത്ത് സ്മാര്‍ട്ട് പിഡിഎസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകളില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം. എല്ലാ വിഭാഗത്തിൽപെട്ട റേഷന്‍ കാര്‍ഡുകളിലും മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം.
നിലവില്‍ പല റേഷന്‍ കാര്‍ഡുകളിലും ചേര്‍ത്തിട്ടുള്ള നമ്പറുകള്‍ ഉപയോഗത്തിലില്ലാത്തതോ ഇപ്പോള്‍ കൈവശമില്ലാത്തതോ ആണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് നമ്പറുകള്‍ പുതുക്കുന്നത്. പ്രവര്‍ത്തന ക്ഷമമായിട്ടുള്ളതും റേഷന്‍ കാര്‍ഡിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ മൊബൈല്‍ നമ്പറാണ് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും ചേര്‍ക്കേണ്ടത്.
റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണിത്. 30നുള്ളില്‍ ഫോണ്‍ നമ്പര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരമോ സിറ്റിസണ്‍ പോര്‍ട്ടലുകളിലൂടെയോ ജനസേവാ കേന്ദ്രങ്ങള്‍ മുഖാന്തിരമോ ഫോൺ നന്പർ ചേർക്കണം.
സ്മാര്‍ട്ട് പിഡിഎസ്
പൊതുവിതരണ സംവിധാനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കാനാണ് സ്മാര്‍ട്ട് പിഡിഎസ് നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ റേഷന്‍ വിതരണം പൂര്‍ണമായും കംപ്യൂട്ടര്വത്കരിക്കുകയാണ് സ്മാര്‍ട്ട് പിഡിഎസിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകളിലുടെ വിഹിതം വാങ്ങുന്നയാളുടെ വിരലടയാളം വഴിയും, ഐറിസ് (കണ്ണിലെ പടലം) സ്കാന്‍ ചെയ്തും ഉപയോക്താവിനെ കൃത്യമായി രേഖപ്പെടുത്തും.