കോൽക്കത്ത: സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുമെന്നും പാർട്ടി അനുവദിച്ചാൽ ബഹറാംപുരിൽനിന്ന് നിയമസഭയിലേക്കു മത്സരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി.
30 വർഷം മുന്പ് ഇദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചു തവണ ലോക്സഭാംഗമായ ചൗധരി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബഹറാംപുരിൽ പരാജയപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ ആണ് ചൗധരിയെ പരാജയപ്പെടുത്തിയത്.
1996ൽ മൂർഷിദാബാദ് ജില്ലയിലെ നബഗ്രാമിൽനിന്നാണ് അധിർ ചൗധരി നിയമസഭയിലേക്കു വിജയിച്ചത്. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംഎൽഎസ്ഥാനം രാജിവച്ചു.
പിന്നീട് 25 വർഷം ലോക്സഭാംഗമായിരുന്നു. ബംഗാളിലെ 294 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.