തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാട് സർക്കാരിന്റേതാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അതിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. എജിയെ സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും സർക്കാർ നിർദേശിക്കാത്ത ഒരു കാര്യവും അദ്ദേഹം കോടതിയിൽ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോടതിയിൽ എജി നടത്തിയ വാദങ്ങളെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. കേസിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താനും ആഭ്യന്തരമന്ത്രിയും കൃത്യമായി ആലോചിച്ചിരുന്നു. മുതിർന്ന മന്ത്രിമാർ, പ്രധാന കക്ഷിനേതാക്കൾ, യുഡിഎഫ് നേതാക്കൾ എന്നിവരുമായി വിശദമായ ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
അതിനാൽ ഇത് ഒരാളുടെ മാത്രം തീരുമാനമല്ലെന്നും എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനാവശ്യമായ ധൃതി കാണിക്കാതെ നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് നിർദേശം നൽകിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ കേസെടുക്കില്ല.
നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയമപരമായ മാർഗം സ്വീകരിച്ചില്ലായിരുന്നെങ്കിൽ രാഷ്ട്രീയവിരോധം തീർക്കാൻ കേസെടുത്തുവെന്നും സുപ്രീംകോടതി വിധി പരിഗണിച്ചില്ലെന്നും വിമർശിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.