ഇന്ത്യൻ ജനാധിപത്യത്തെ വമ്പൻ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൂടെയോ ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പുകളിലൂടെയോ മാത്രം നോക്കിക്കണ്ടവർ ജനാധിപത്യത്തിന്റെ വീര്യം തെളിയിക്കുന്ന ഉന്മേഷദായകമായ അനുഭവങ്ങളിലൂടെയാണ് സമീപ ആഴ്ചകളിൽ കടന്നുപോയത്. പ്രകോപനപരമായ ഓൺലൈൻ പരിഹാസമായി ആരംഭിച്ച ഒരു സമരം. അത് ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും വിജയകരവുമായ യുവ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നായി വളരുകയായിരുന്നു.
ഒരു പരാമർശവും ഉയർന്നുവന്ന അമർഷവും
ഒരു അധിക്ഷേപത്തിൽനിന്നായിരുന്നു തുടക്കം. ഒരു തുറന്ന കോടതി വാദത്തിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് തൊഴിലില്ലാത്ത ചില യുവാക്കളെ "പാറ്റകൾ', "പരാന്നഭോജികൾ' എന്നൊക്കെ വിശേഷിപ്പിച്ചു. മേയ് മധ്യത്തിലായിരുന്നു ഇത്. വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഭിഭാഷകവൃത്തിയിലേക്കു കടക്കുന്നവരെ ഉദ്ദേശിച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്ന് സൂര്യകാന്ത് ന്യായീകക്കാൻ ശ്രമിച്ചു. എങ്കിലും, തൊഴിലില്ലായ്മ തകരാറിലാക്കിയ സാമ്പത്തിക പശ്ചാത്തലത്തിൽ കോടിക്കണക്കിനു വിദ്യാസമ്പന്നരായ ചെറുപ്പക്കാർ വഴി കണ്ടെത്താൻ പാടുപെടുന്ന രാജ്യത്ത് ഈ പരാമർശം വലിയ അമർഷത്തിനു കാരണമായി.
നിരാശയും രോഷവുമടക്കി നിശബ്ദരായിരിക്കാൻ ആ യുവാക്കൾ തയാറായില്ല. സൂര്യകാന്തിന്റെ പരാമർശങ്ങൾക്ക് അവർ ആക്ഷേപഹാസ്യത്തിലൂടെ മറുപടി നൽകി. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ പേരിന്റെ ഹാസ്യാനുകരണമായി 24 മണിക്കൂറിനുള്ളിൽ കോക്രോച്ച് ജനതാ പാർട്ടി ജന്മമെടുത്തു. "മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം' എന്നായിരുന്നു ടാഗ്ലൈൻ. ദിവസങ്ങൾക്കുള്ളിൽത്തന്നെ രണ്ടു കോടിയിലധികം ഫോളോവേഴ്സുള്ള വമ്പൻ സോഷ്യൽ മീഡിയ തരംഗമായി സിജെപി മാറി. ബിജെപി ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെപ്പോലും അത് പിന്നിലാക്കി. ഈ പരിഹാസത്തിന്റെ വിജയം അത് ഉന്നയിച്ച യഥാർഥ പ്രശ്നങ്ങളിലായിരുന്നു. ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണെങ്കിലും ഉന്നത വിദ്യാഭ്യാസമാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നു കരുതുന്ന ഇന്ത്യൻ യുവാക്കൾ ദേശീയ പ്രവേശന പരീക്ഷകൾക്കായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നു.
എന്നാൽ ഈ വർഷം ചോദ്യപേപ്പർ ചോർച്ചയും മൂല്യനിർണയത്തിലെ ക്രമക്കേടുകളും ഫലങ്ങൾ പെട്ടെന്ന് റദ്ദാക്കിയതും പരീക്ഷാപ്രക്രിയയെ താറുമാറാക്കി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് 22 ലക്ഷത്തോളം വിദ്യാർഥികളാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ "നീറ്റ്' വീണ്ടും എഴുതാൻ നിർബന്ധിതരായത്. മേയ് മൂന്നിന് എഴുതിയ പരീക്ഷ റദ്ദാക്കിയ വിവരമറിഞ്ഞ ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ഇത്തരം ദുരന്തങ്ങൾ സാമ്പത്തിക ആശങ്കകളെ ധാർമിക രോഷമാക്കി മാറ്റി.
ഓൺലൈനിൽനിന്ന് തെരുവുകളിലേക്ക്
ഈ അമർഷം പ്രകടിപ്പിക്കാൻ "പാറ്റ പ്രസ്ഥാനം' മികച്ച വേദിയായി മാറി. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽനിന്നു മാറിനിന്ന ഈ പ്രസ്ഥാനം പൊതുസമൂഹത്തിലെ വിവിധ ആശയക്കാരുടെ പിന്തുണയോടെ മുന്നേറി. ജൂൺ ആയപ്പോഴേക്കും പ്രതിഷേധം മൊബൈൽ സ്ക്രീനുകളിൽനിന്ന് നഗരവീഥികളിലേക്ക് പടർന്നു. വിദ്യാഭ്യാസ പരിഷ്കരണമാവശ്യപ്പെട്ട് പതിനായിരക്കണക്കിന് വിദ്യാർഥികളും സിവിൽ സർവീസ് ഉദ്യോഗാർഥികളും തലസ്ഥാനത്തും പ്രധാന നഗരങ്ങളിലും തെരുവിലിറങ്ങി.
പാറ്റകളെ അവഗണിക്കാൻ കഴിയില്ലെന്നു മനസിലാക്കിയ ബിജെപി സർക്കാർ അവരെ അടിച്ചമർത്താൻ തീരുമാനിച്ചു. പ്രതിഷേധത്തിനു പിന്നിൽ വിദേശശക്തികളാണെന്നു ചില ബിജെപി നേതാക്കൾ ആരോപിച്ചു. സിജെപിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അധികാരികൾ ബ്ലോക്ക് ചെയ്യുകയും കോ-ഓർഡിനേറ്റർമാരെ നിരീക്ഷിക്കാൻ സുരക്ഷാ ഏജൻസികളെ ചുമതലപ്പെടുത്തുകയും ചെയ്തു. പൊതുയോഗങ്ങൾ നിരോധിച്ചു. ഡൽഹിയിൽ വൻ പോലീസ് സന്നാഹത്തെ ഇറക്കി. നഗരമധ്യത്തിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.
ജന്തർ മന്തറിലെ വൻ പ്രതിഷേധം
എന്നാൽ, കേന്ദ്രീകൃതമല്ലാത്ത നേതൃത്വവും വിദ്യാഭ്യാസരംഗത്തെ സുതാര്യതയ്ക്കു വേണ്ടിയുള്ള ആവശ്യങ്ങളുടെ ധാർമിക വ്യക്തതയും കാരണം സർക്കാരിന്റെ അടിച്ചമർത്തൽ തന്ത്രങ്ങൾ പരാജയപ്പെട്ടു. ജന്തർ മന്തറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ തൊട്ടടുത്തുള്ള പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തു.
പാഠം ഉൾക്കൊള്ളാൻ തയാറാകാതിരുന്ന സർക്കാർ ബലപ്രയോഗത്തിലേക്കു തിരിഞ്ഞു. പ്രതിഷേധക്കാരെ ലാത്തിച്ചാർജ് ചെയ്യുകയും തെരുവിൽ മർദിക്കുകയും ചെയ്തു. ജല പീരങ്കികളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ചു. നൂറ്റി എൺപതോളം പേർക്ക് പരിക്കേറ്റു എന്നാണ് ഡൽഹി പോലീസിന്റെ കണക്ക്. എന്നാൽ പ്രതിഷേധം അടങ്ങിയില്ല. പകരം, ജനരോഷം ആളിക്കത്തുകയും സമരം കൂടുതൽ നഗരങ്ങളിലേക്ക് പടരുകയും ചെയ്തു.
രാഷ്ട്രീയ തിരിച്ചടിയും സർക്കാരിന്റെ പിന്മാറ്റവും
ഒടുവിൽ സർക്കാരിനു തങ്ങളുടെ തെറ്റ് മനസിലായി. 2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായതോ 2020-21ലെ കർഷകരുടെയോ പ്രക്ഷോഭങ്ങൾപോലെ ഈ സമരത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെയോ ന്യൂനപക്ഷങ്ങളുടെയോ മാത്രം ആവശ്യമായി ചിത്രീകരിക്കാൻ കഴിയില്ലായിരുന്നു. ഇന്ത്യയിലെ വോട്ടർമാരുടെ പകുതിയോളം വരുന്ന വിഭാഗത്തെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ മധ്യവർഗ കുടുംബങ്ങളിൽനിന്നുള്ളവരും. ഈ വിഭാഗത്തെ പിണക്കുന്നത് വമ്പൻ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ഭരണകക്ഷി തിരിച്ചറിഞ്ഞു.
തുടർന്ന് സർക്കാർ വിദ്യാർഥി പ്രതിനിധികളുമായി നേരിട്ടു ചർച്ചകൾ നടത്തി. പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ടവരെ ശിക്ഷിക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ രാജി പരിഗണിക്കുകയേ ഇല്ലെന്നായിരുന്നു നേരത്തേയുള്ള നിലപാട്. കഴിഞ്ഞ ദശകത്തിലുടനീളം തളരാത്ത കരുത്തിന്റെയും ശക്തമായ ഭരണനിയന്ത്രണത്തിന്റെയും പ്രതീകമാകാൻ ശ്രമിച്ച ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഈ കീഴടങ്ങൽ വളരെ ശ്രദ്ധേയമായിരുന്നു.
പൗരബോധവും ജനാധിപത്യത്തിന്റെ ശക്തിയും
എത്ര ശക്തരായ ഭരണാധികാരികളായാലും ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയെ എക്കാലവും അവഗണിക്കാൻ കഴിയില്ലെന്ന് ഒരു ജഡ്ജിയുടെ അധിക്ഷേപത്തെ തങ്ങളുടെ ആയുധമാക്കി ഇന്ത്യയിലെ യുവാക്കൾ ഓർമിപ്പിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും പ്രതിപക്ഷത്തെ ഭയപ്പെടുത്താനും ഭരണകൂടങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ കേന്ദ്രീകൃതമല്ലാത്തതും അധികാരികളെ വകവയ്ക്കാത്തതും നിയന്ത്രണാതീതവുമായ യുവാക്കളുടെ സംഘടിതപ്രതിഷേധ വീര്യത്തെ അടിച്ചമർത്താൻ കഴിയില്ലെന്ന് അവർ തെളിയിച്ചു.
ഭാവിയിലേക്കുള്ള സന്ദേശം
സന്ദേശം വ്യക്തമാണ്. ജനാധിപത്യം എന്നത് ബിജെപി ഭരണത്തിനു കീഴിൽ തകർന്നുവെന്ന് പറയപ്പെടുന്ന സ്ഥാപനങ്ങളിൽമാത്രം അധിഷ്ഠിതമല്ല. അത് നിയമനിർമാണ സഭകളിലോ കോടതികളിലോ തെരഞ്ഞെടുപ്പ് കമ്മീഷനുകളിലോ മാത്രം കുടികൊള്ളുന്നതുമല്ല. മറിച്ച്, അത് പൗരന്മാരുടെ നിലപാടുകളിലാണ് നിലനിൽക്കുന്നത്. തങ്ങളുടെ ജനാധിപത്യവീര്യം തകർക്കാനാകാത്തതാണെന്ന് ഇന്ത്യയിലെ ജനങ്ങൾ തെളിയിച്ചിരിക്കുന്നു.
ഈ പ്രക്ഷോഭത്തിലൂടെ പാറ്റ പ്രസ്ഥാനം നേടിയെടുത്ത വിജയം മെഡിക്കൽ വിദ്യാർഥികൾക്ക് ലഭിച്ച ആശ്വാസമോ ബിജെപിക്ക് ഉണ്ടായ താത്കാലിക തിരിച്ചടിയോ മാത്രമല്ല. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ഉറപ്പിച്ചുനിർത്തുന്നു. വർഷങ്ങളോളം നിലനിന്ന അധികാര കേന്ദ്രീകരണത്തിനും എക്സിക്യൂട്ടീവ് മേധാവിത്വത്തിനും ശേഷവും അന്തിമ അധികാരം ജനങ്ങളിൽത്തന്നെയാണെന്ന് ഇത് തെളിയിക്കുന്നു. അവർ ഇവിടെത്തന്നെയുണ്ടാകും. ഇന്ത്യൻ ജനാധിപത്യവും.
Copyright: Project Syndicate, 2026.