തൊടുപുഴ: ജില്ലയില്‍ മഴയുടെ അളവു കുറയുന്നത് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷത്തിലും മഴക്കുറവ് രേഖപ്പെടുത്തിയതാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ ജില്ലയില്‍ ലഭിച്ചത് 321.9 മില്ലിമീറ്റര്‍ മഴയാണ്. 495.4 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 35 ശതമാനം മഴക്കുറവാണ് നിലവില്‍ രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും കാര്യമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ പിന്മാറിയതോടെ ഹൈറേഞ്ച് മേഖലകളില്‍ ഉള്‍പ്പടെ പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നു. വേനല്‍ക്കാലത്തെ അനുസ്മരിപ്പിക്കുന്ന ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. അതേസമയം രാത്രിയും പുലര്‍ച്ചെയും മഞ്ഞും തണുപ്പുമുണ്ട്. ഒക്ടോബര്‍ പകുതിയോടെയാണ് ഇത്തവണ തുലാവര്‍ഷം ആരംഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും പിന്നീട് തുലാവര്‍ഷം ദുര്‍ബലമായി. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷ സീസണില്‍ ജില്ലയില്‍ 47 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. വേനല്‍മഴയും പ്രതീക്ഷിച്ചപോലെ ലഭിച്ചിരുന്നില്ല. വേനല്‍മഴയില്‍ 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വിളകള്‍ വാടിക്കരിയാന്‍ സാധ്യത
ഏലം, കുരുമുളക്, വാഴ, പച്ചക്കറികള്‍, ഗ്രാമ്പു, ജാതി എന്നീ വിളകളെ മഴയുടെ കുറവ് ബാധിക്കുമെന്നാണ് കര്‍ഷകര്‍ സൂചന നല്‍കുന്നത്. ഏലം മേഖലയില്‍ മഴ കുറയുന്നതോടെ ചെടികള്‍ കരിഞ്ഞുണങ്ങാനും രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. എല്ലാ വര്‍ഷവും ഏലച്ചെടികളെ വരള്‍ച്ച ബാധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം കടുത്ത ചൂടു മൂലം ഏലം മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഏതാനും നാള്‍കൂടി മഴ മാറിനിന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ അവസ്ഥയുണ്ടാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്മസ് കഴിയുന്നതോടെ കുരുമുളക് തോട്ടങ്ങളില്‍ വിളവെടുപ്പിനു തുടക്കം കുറിക്കും. എന്നാല്‍, ഇടയ്ക്കു മഴ ലഭിച്ചില്ലെങ്കില്‍ കുരുമുളക് മണികള്‍ വലിപ്പമില്ലാതെവരാനും തൂക്കം കുറയാനും കാരണമാകും. ലിറ്റര്‍ വെയ്റ്റ് കുറയുന്നതോടെ വില കുറയാനും സാധ്യതയുണ്ട്. ഇതിനു പുറമേ ദ്രുതവാട്ടം ഉള്‍പ്പടെ രോഗങ്ങള്‍ക്കും പുതുതായി കൃഷി ചെയ്തിരിക്കുന്ന കുരുമുളക് ചെടികള്‍ വാടാനും ഇടയാകും.
മഴക്കുറവ് വാഴയെയും പച്ചക്കറി കൃഷിയെയും ബാധിക്കും. വാഴപ്പിണ്ടിക്ക് മതിയായ തോതില്‍ വെള്ളമില്ലെങ്കില്‍ കുല മൂപ്പെത്താതെ ഒടിയാന്‍ ഇടയാകും. പച്ചക്കറി കൃഷികള്‍ക്ക് മഴ ലഭിക്കാതിരുന്നാല്‍ ഉത്പാദനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടാകും. ഗ്രാമ്പു, ജാതി എന്നിവയുടെ വിളവും മഴയുടെ ലഭ്യത അടിസ്ഥാനമാക്കിയാണ്. മഴ കുറഞ്ഞാല്‍ ജാതിക്കായും ഗ്രാമ്പുവും മൂപ്പെത്താതെ പൊഴിയും. മൂപ്പെത്താത്തതിനാല്‍ ജാതിക്കായയ്ക്കും ജാതിപത്രിയ്ക്കും വില കുറയും. തെങ്ങിന് വെള്ളക്കാ പൊഴിച്ചിലുണ്ടാകും. ഇത്തരത്തില്‍ മഴയുടെ അളവു കുറയുന്നത് പ്രധാന വിളകളെയെല്ലാം ബാധിക്കും.
മതിയായ തോതില്‍ നനച്ചു കൊടുത്തെങ്കില്‍ മാത്രമേ കൃഷിയില്‍നിന്നു നേട്ടമുണ്ടാക്കാന്‍ കഴിയൂ. എന്നാല്‍, മഴക്കുറവു മൂലം കുളങ്ങളിലും അരുവികളിലും വെള്ളത്തിന്റെ അളവു കുറയുന്നതോടെ വിളകള്‍ നനയ്ക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടാകും.