വാഴക്കുളം: നടുക്കരയിലെ അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി 1.20 കോടി കൂടി അനുവദിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. തുക കമ്പനിയുടെ ട്രഷറി അക്കൗണ്ടില്‍ ഇന്നലെ എത്തി. സര്‍ക്കാര്‍ മുമ്പ് രണ്ട് കോടി അനുവദിച്ചിരുന്നെങ്കിലും 80 ലക്ഷമാണ് കമ്പനിക്ക് വിനിയോഗിക്കാന്‍ സാധിച്ചിരുന്നത്. ട്രഷറി നിയന്ത്രണം മൂലം 1.20 കോടി സര്‍ക്കാര്‍ തിരിച്ചെടുത്തിരുന്നു.
കമ്പനി മെഷീനറികളില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായുള്ള പിഇടി ബോട്ടില്‍ ജ്യൂസ് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഈ തുക വിനിയോഗിക്കും. എന്നാല്‍ നാമമാത്രമായ മാര്‍ജിന്‍ ലഭിക്കുന്ന ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം വഴി കമ്പനി ലാഭകരമായി പ്രവര്‍ത്തിക്കാനോ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനം നല്‍കാനോ സാധിക്കുകയില്ല.
കാലാഹരണപ്പെട്ട മെഷീനറികള്‍ മാറ്റി സ്ഥാപിക്കുന്നതിനും വരുമാന വര്‍ധനയ്ക്കുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമായി സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അടിസ്ഥാന വികസന ഫണ്ട് പദ്ധതി പ്രകാരം 35.50 കോടി അനുവദിക്കുന്നതിന് സമര്‍പ്പിച്ച പ്രത്യേക പാക്കേജ് പദ്ധതി ധനവകുപ്പിന്റെ പരിഗണനയിലാണ്. സ്പെഷല്‍ പാക്കേജ് അനുവദിക്കുന്നതിന് കൃഷി വകുപ്പില്‍ സമ്മര്‍ദം തുടരുമെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയെ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സ്ഥാപനമായി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കണമെന്ന് മുമ്പ് കൃഷി മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തനരഹിതമായ പൈനാപ്പിള്‍ പ്രൊസസിംഗ് യൂണിറ്റ് കൂടി മാറ്റി സ്ഥാപിക്കുമ്പോള്‍ ദിവസേന 30 ടണ്‍ പൈനാപ്പിള്‍ പ്രൊസസ് ചെയ്യാന്‍ സാധിക്കും.