ന്യൂഡൽഹി: തന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ ഉപദേശകനായിരുന്ന അഹമ്മദ് പട്ടേലിന്റെ മരണവർഷം ഓർമക്കുറിപ്പിൽ തെറ്റായി രേഖപ്പെടുത്തി സോണിയ ഗാന്ധി. 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് 2020-ൽ അന്തരിച്ച അഹമ്മദ് പട്ടേൽ 2022-ൽ കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് സോണിയ ഗാന്ധി തെറ്റായി എഴുതിയിരിക്കുന്നത്.
കോൺഗ്രസ് പാർട്ടിയുടെ മുൻ ട്രഷററായിരുന്ന അഹമ്മദ് പട്ടേൽ 2020 നവംബർ 25-നാണ് കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചത്."ഖേദകരമെന്നു പറയട്ടെ, 2022-ൽ കോവിഡ് മഹാമാരിക്ക് ഇരയാകുന്നതുവരെ അദ്ദേഹം എന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നു. അത് പാർട്ടിയിലും എന്നിലും വ്യക്തിപരമായ വലിയൊരു ശൂന്യത സൃഷ്ടിച്ചു" എന്നാണ് സോണിയ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്.
വർഷത്തിൽ വന്ന തെറ്റിനെ ഗൗരവമായി കാണാതെ പുസ്തകത്തെ ചരിത്രപ്രധാനമെന്നാണ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് വിശേഷിപ്പിച്ചത്. ജവഹർലാൽ നെഹ്റുവിന് ശേഷം ഗാന്ധി കുടുംബത്തിലെ ഒരാൾ ഇത്തരമൊരു സ്വകാര്യ ഓർമക്കുറിപ്പ് എഴുതുന്നത് ആദ്യമായാണെന്നും തന്റെ പിതാവിന്റെ സംഭാവനകളെ പുസ്തകത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും മുംതാസ് പറഞ്ഞു.
കോൺഗ്രസ് മുന്നണി ബന്ധങ്ങൾ ഉറപ്പിക്കുന്നതിലും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അഹമ്മദ് പട്ടേൽ വഹിച്ച പങ്കിനെക്കുറിച്ച് സോണിയ പുസ്തകത്തിൽ വിശദമായി ഓർത്തെടുക്കുന്നുണ്ട്.